കൊച്ചി: മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സ്കൂളിനെതിരെ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന സ്കൂളിനും സ്കൂള്‍ അധികൃതര്‍ക്കും എതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. എറണാകുളത്തെ സെന്‍റ് റീത്താ സിബിഎസ് ഇ സ്കൂളിലായിരുന്നു ഈ പ്രശ്നം.
ഇതേ തുടര്‍ന്ന് രണ്ട് ദിവസം സ്കൂള്‍ അടച്ചിട്ടു. ലത്തീന്‍ കത്തോലിക്കാപള്ളി നടത്തുന്ന സ്കൂളിലാണ് സംഭവം. സ്കൂള്‍ യൂണിഫോമില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കൂ എന്ന നിലപാടായിരുന്നു സ്കൂള്‍ അധികൃതര്‍ എടുത്തത്. ഒക്ടോബര്‍ 10നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവും ഒരു സംഘം പേരും സ്കൂളില്‍ അതിക്രമിച്ച് കയറി തടയാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. ഇത് സ്കൂളില്‍ വലിയ അമ്പരപ്പുണ്ടാക്കി. ഇതോടെ സ്കൂള്‍ അധികൃതര്‍ പൊലീസ് സംരക്ഷണം തേടി. പക്ഷെ പൊലീസ് സമയത്തിന് എത്തിയില്ലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇതോടെയാണ് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മതേതരമായിപ്രവര്‍ത്തിക്കുന്ന സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥിരക്ഷാകര്‍ത്താക്കളും സ്കൂളിലെ യൂണിഫോം നിയമം അനുസരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കേസില്‍ വാദം കേട്ട ജസ്റ്റിസ് എന്‍.നഗരേഷ് അഭിപ്രായപ്പെട്ടു. ഫാത്തിമ തസ്നീമും കേരള സര്‍ക്കാരും തമ്മിലുള്ള കേസില്‍ സ്ഥാപനത്തിന്റെ അച്ചടക്കത്തിനും നിയമങ്ങള്‍ക്കും അപ്പുറമാകരുത് വ്യക്തിസ്വാതന്ത്ര്യമെന്ന് വിധിച്ചിട്ടുണ്ടെന്നും നഗരേഷ് പറഞ്ഞു. തുടര്‍ന്ന് സ്കൂളിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
കര്‍ണ്ണാടകയിലെ മംഗളൂരുവിലും ദക്ഷിണകന്നടയിലും ചില ഇസ്ലാമിക മതമൗലികസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സ്കൂള്‍ യൂണിഫോമിന് പകരം സ്കൂളില്‍ ഹിജാബ് നിര്‍ബന്ധമാക്കാനുള്ള ശ്രമം അതേ പടി ഈ വര്‍ഷം കേരളത്തിലേക്ക് പകര്‍ത്തലാണോ സമരക്കാരുടെ ശ്രമം എന്ന് സംശയിക്കുന്നു. എന്തായാലും ലത്തീന്‍ കത്തോലിക്ക സ്കൂളിലെ പ്രശ്നത്തെ തുടര്‍ന്ന് ഒരു സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
മുനമ്പം വഖഫ് ബോര്‍ഡ് കേസില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്കൂളിലെ യൂണിഫോം നിയമം ലംഘിച്ചുകൊണ്ടുള്ള ഹിജാബ് പ്രശ്നം ഉണ്ടായത്.
















