തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷിനെ നിയമിച്ചു. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. നടിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് പുതിയ അധ്യക്ഷനെത്തുന്നത്.
സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ പേര് സജീവമായി പരിഗണിച്ചിരുന്നു.
ഷാഫി പറമ്പില്‍ ആണ് ഒ ജെ ജനീഷിന്റെ പേര് മുന്നോട്ട് വച്ചത്.അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒജെ ജനീഷ്.
യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് ആളെ നിയമിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ് യു യൂണിറ്റ് പ്രസിഡന്റായി ആണ് ഒജെ ജനീഷ് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒ ജെ ജനീഷ് പ്രവര്‍ത്തിച്ചു.
















