പാറ്റ്‌ന: ബീഹാറിൽ തെരഞ്ഞെടുപ്പ് വാശിയേറുമ്പോൾ ‘യാദവ’ കുടുംബത്തിൽ കലഹം മൂക്കുന്നു. ആർജെഡി പ്രസിഡന്റ് ലല്ലു പ്രസാദിന്റെ കുടുംബത്തിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന തർക്കം വീണ്ടും പുറം ലോകമറിയുന്നു; ഇത്തവണ സാമൂഹ്യമാധ്യമത്തിലൂടെ ലോകമാകെയെത്തി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ തുടങ്ങുന്നതിന് ഇനി നാലുദിവസമേ ഉള്ളു. അപ്പോഴാണ് ലല്ലുവിന്റെ മൂത്തമകന്റെ വെടി. ഇളയ അനുജൻ തേജസ്വിയോട് തേജ് പ്രതാപ് പറയാതെ പറഞ്ഞു, അനിയാ നിനക്ക് നിന്റെ വഴലി, ഞാൻ പിന്തുടരുന്നില്ല. അത് ‘പറഞ്ഞത്’ സാമൂഹ്യമാധ്യമമായ ‘എക്‌സ്’ വഴിയാണ്. തേജസ്വിയെ എക്‌സിൽ ഫോളോ ചെയ്യുന്നത് തേജ് പ്രതാപ് നിർത്തി.
പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി മുഖമായി വ്യാപകമായി കാണപ്പെടുന്ന തേജസ്വിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കുടുംബത്തിനുള്ളിൽ സംഘർഷം കൂട്ടിയിട്ടുണ്ട്.
തേജ് പ്രതാപ് മുമ്പ് സോഷ്യൽ മീഡിയയിൽ മിക്കവാറും എല്ലാ കുടുംബാംഗങ്ങളെയും പിന്തുടർന്നിരുന്നു. എന്നിരുന്നാലും, ഈ വർഷം മെയ് മാസത്തിൽ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ബന്ധങ്ങൾ ഏറെ വഷളായതായിരുന്നു. ഒരു യുവതിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയതിനെത്തുടർന്ന് പാർട്ടിയും കുടുംബവും അദ്ദേഹത്തിൽ നിന്ന് അകന്നു.
തേജ് പ്രതാപ് മാതാപിതാക്കളായ ലല്ലു പ്രസാദ്, റാബ്രി ദേവി, സഹോദരി രാജ് ലക്ഷ്മി യാദവ് എന്നിവരുൾപ്പെടെ അഞ്ച് പേരെ എക്‌സിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. മൂത്ത സഹോദരിമാരായ മിസ ഭാരതിയെയും ഹേമ യാദവിനെയും അൺഫോളോ ചെയ്തിരുന്നു. അതിനു പുറമേയാണ് ഇപ്പോൾ
തേജസ്വിയെ പിന്തുടരുന്നത് നിർത്തിയത്. ഈ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തേജ് പ്രതാപ് പ്രകോപിതനായി.
മെയ് മാസത്തിൽ തേജ് പ്രതാപിന്റെ ബന്ധത്തിന്റെ വെളിപ്പെടുത്തൽ ആർജെഡിയിൽ വിവാദങ്ങൾക്കും രാഷ്‌ട്രീയ കോളിളക്കത്തിനും കാരണമായപ്പോഴാണ് ഈ ഭിന്നത ആദ്യമായി പരസ്യമായത്. തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്‌ക്ക് കോട്ടം തട്ടുമെന്ന് ആശങ്കപ്പെട്ട ലല്ലു പ്രസാദ് തന്റെ മൂത്ത മകനെ ആറ് വർഷത്തേക്ക് ആർജെഡിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
പുറത്താക്കപ്പെട്ടതോടെ തേജ് പ്രതാപ് സ്വന്തം രാഷ്‌ട്രീയ സംഘടനയായ ജനശക്തി ജനതാദൾ രൂപീകരിച്ചിരുന്നു. ഇവരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
















