പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഉപയോഗിച്ചാണ് ചെമ്പുപാളിയില്‍ പ്ലേറ്റിങ് നടത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പുതിയ മൊഴി സംശയാസ്പദം. ദേവസ്വം ഉന്നതരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദമാണ് ആദ്യ മൊഴിയില്‍ നിന്നു കമ്പനി മലക്കം മറിയാന്‍ കാരണമെന്നാണ് സൂചന.
നേരത്തേ കമ്പനി പറഞ്ഞത് തങ്ങളുടെ പക്കലെത്തിയത് പുതിയ ചെമ്പു പാളിയായിരുന്നെന്നാണ്. സ്വര്‍ണം പൂശിയതോ പൊതിഞ്ഞതോ ആയ തകിടില്‍ പുതുതായി പൂശാനുളള വൈദഗ്ധ്യം തങ്ങള്‍ക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് കമ്പനിയിലെത്തിയതെന്നും പുറത്തുനിന്നു വിദഗ്ധരെയെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു മാറ്റുകയായിരുന്നെന്നുമാണ് കമ്പനിയുടെ തിരുത്തിയ മൊഴി.
വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ ഒരുഭാഗം പൂശാനുപയോഗിച്ചു. അതിനു പ്രതിഫലമായി 104.243 ഗ്രാം സ്വര്‍ണം കമ്പനിയെടുത്തു. ബാക്കി 474.9 ഗ്രാം സ്വര്‍ണം പോറ്റിയുടെ പ്രതിനിധി കല്‍പേഷിന് കൈമാറിയെന്നും കമ്പനി പറയുന്നു.
ശബരിമലയില്‍ നിന്നുള്ള പാളികളാണ് കമ്പനിയിലെത്തിച്ചതെന്ന് ഇപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കുമ്പോള്‍ എന്തുകൊണ്ടാണ് ആദ്യമൊഴി തിരുത്തിയതെന്ന് കമ്പനി വ്യക്തമാക്കണം. കമ്പനി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണമനുസരിച്ചാണെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് പ്രതി. ദേവസ്വം അധികൃതര്‍ക്കോ ജീവനക്കാര്‍ക്കോ സ്വര്‍ണക്കൊള്ളയില്‍ വലിയ പങ്കില്ല. ദേവസ്വത്തിന് പങ്കുണ്ടെന്നു വന്നാല്‍ അത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ ബാധിക്കും. അതിനാല്‍ ഉന്നതതല സ്വാധീനം മൊഴിമാറ്റത്തിന് കാരണമായോ എന്നത് ഭക്തരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ദ്വാരപാലക ശില്‍പത്തില്‍ നിന്നഴിച്ചെടുത്ത 14 പാളികളിലും ഒരുതരി സ്വര്‍ണമില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴും പറയുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ആദ്യമൊഴിയും ദേവസ്വം മഹസറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴിയും ഇത് ശരിവയ്‌ക്കുന്നു. പൂശിയ ശേഷം അധികം വന്ന 474.9 ഗ്രാം സ്വര്‍ണം തിരികെ പോറ്റിക്ക് നല്കിയതായും കമ്പനി പറയുന്നു. ഏകദേശം 60 പവന്‍ സ്വര്‍ണമാണിത്.
എന്നാല്‍ കട്ടിളപ്പാളികള്‍, വാതില്‍പ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ തൂക്കം എത്രയെന്ന കൃത്യമായ കണക്ക് ഇനിയും പുറത്തുവരണം.
സ്വര്‍ണക്കൊള്ളയിലെ ദേവസ്വം വിജിലന്‍സ് കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മറിച്ചൊരു റിപ്പോര്‍ട്ട് വരാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം ഇനിയും ശക്തമാകാം. ബിജെപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂ.















