പത്തനംതിട്ട: ദ്വാരപാലക ശില്‍പപാളികളില്‍ നിന്നു നഷ്ടമായ സ്വര്‍ണം സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകളെല്ലാം അവ്യക്തം. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ശില്‍പങ്ങള്‍ പൊതിഞ്ഞ 14 പാളികളിലായി ഉണ്ടായിരുന്നത് 1.56 കിലോ സ്വര്‍ണം. അതായത് 15,600 ഗ്രാം. എന്നാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 584 ഗ്രാം (73 പവന്‍) മാത്രം. നഷ്ടമായത് ഏകദേശം 989 ഗ്രാം സ്വര്‍ണം. പവന്‍ കണക്കില്‍ പറഞ്ഞാല്‍ 123.6 പവന്‍.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പാളികളില്‍ നിന്നു വേര്‍തിരിച്ചപ്പോള്‍ 73 പവന്‍ സ്വര്‍ണമേ ലഭിച്ചുള്ളൂയെന്ന് വ്യക്തമാക്കിയത്. വേര്‍തിരിക്കാന്‍ ഉരുക്കുമ്പോള്‍ സ്വര്‍ണം കുറച്ചു കുറയുമെന്ന് അമാല്‍ഗമേഷന്‍ വിദഗ്ധന്‍ സെന്തില്‍ നാഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നര കിലോ സ്വര്‍ണം ഉരുക്കിയാല്‍ അതില്‍ ഒരു കിലോ നഷ്ടമാകാന്‍ ഒരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ദ്വാരപാലക ശില്‍പങ്ങളിലുള്ള അത്ര തന്നെ സ്വര്‍ണം കട്ടിളപ്പാളികളിലുമുണ്ടാകാനാണ് സാധ്യതയെന്ന് 1999ല്‍ സ്വര്‍ണഭൂഷിത ശ്രീകോവില്‍ പരിശോധിച്ച സെന്തില്‍ നാഥന്‍ നേരത്തേ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ കട്ടിളപ്പാളികളില്‍ നിന്നുകൂടി ഒരു കിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിരിക്കണം. അങ്ങനെയെങ്കില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം രണ്ടുകിലോ വരും.
അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച ഒരു ഇ മെയില്‍ സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിലെ പാരഗ്രാഫ് ഏഴില്‍ പരാമര്‍ശമുണ്ട്.
പോറ്റിയുടെ ഇ മെയിലില്‍ പറയുന്നത്, സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ദ്വാരപാലക പാളികളിലെ സ്വര്‍ണം കൂടി വേര്‍തിരിച്ചെടുത്താല്‍ സ്വര്‍ണം പൂശുന്ന ചെലവ് കുറയ്‌ക്കാം എന്നാണ്. ഈ ഇ മെയില്‍ കണ്ടെത്തിയത് വിജിലന്‍സാണ്. ഇതനുസരിച്ചാണെങ്കില്‍ സ്‌ട്രോങ് റൂമില്‍ ഒരു ജോഡി ദ്വാരപാലക പാളികള്‍ കൂടി ഉണ്ടാവണം. പക്ഷേ ഒടുവില്‍ നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നു കണ്ടെടുത്തത് ഏത് പീഠമാണെന്നതു സംബന്ധിച്ചും വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ സൂചനയില്ല.
















