ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടങ്ങളാണ് ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.സി മുതലായ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പാര്‍ലമെന്റിന്റെ പ്രത്യേക പദവിയും, സുതാര്യമായ സ്വയംഭരണ സ്വാതന്ത്ര്യവും, കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവുമുള്ള സ്ഥാപനങ്ങളാണ് ഇവ. നിലവില്‍ ഭാരതത്തില്‍ 171 ഇത്തരം പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്.
തിങ്ക് ഇന്ത്യ : പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ ദേശീയതയുടെ ശബ്ദം
2006 ല്‍ ബെംഗളൂരുവിലുള്ള ഐഐഎസ്‌സിയിലെ ചില വിദ്യാര്‍ഥികള്‍ എല്ലാ പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഒന്നിച്ച് ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു കൂട്ടായ്‌മയെ പറ്റി ആലോചിക്കുകയുണ്ടായി. ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും, സംവാദങ്ങള്‍ക്കും, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇടമായി തിങ്ക് ഇന്ത്യയെ മാറ്റിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
2007 ല്‍ ബെംഗളൂരുവിലുള്ള ആര്‍ട് ഓഫ് ലിവിങ് ആശ്രമത്തില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനിലൂടെ ഔദ്യോഗിക സംഘടനയായി തിങ്ക് ഇന്ത്യ മാറി. ഇതിനോടകം പ്രധാനപ്പെട്ട എല്ലാ പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളുമായി തിങ്ക് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ തിങ്ക് ഇന്ത്യ സംഘടിപ്പിക്കുന്ന വിവിധ കണ്‍വെന്‍ഷനുകളിലും, കാര്യശാലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും അവസരം ലഭിക്കാറുണ്ട്.
ദക്ഷിണപഥ സമ്മിറ്റ്: ഐഐടി മദ്രാസിലെ ചരിത്ര സമ്മേളനം
ദക്ഷിണ ഭാരതത്തിലെ പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ എത്തിക്കുകയായിരുന്നു സപ്തംബര്‍ 20, 21 തീയതികളിലായി ഐഐടി മദ്രാസില്‍ വെച്ച് നടന്ന തിങ്ക് ഇന്ത്യ ദക്ഷിണപഥ സമ്മിറ്റ്. കേരളം, തമിഴ്‌നാട്, പുതുചച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമുള്ള 22 പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്ന് 262 തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 700-ല്‍ അധികം രജിസ്‌ട്രേഷനുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കോഴ്‌സ്, പഠനമികവ് എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചുരുക്കപ്പട്ടിക തയ്യാറാക്കി. അതില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുത്തത്.
തുടര്‍ച്ചയായയി എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനമായ ഐഐടി മദ്രാസ് തിങ്ക് ഇന്ത്യ സമ്മിറ്റിന് ആതിഥേയത്വം വഹിച്ചത് തന്നെ ചരിത്രപ്രധാനമായ തീരുമാനമായിരുന്നു. വിവിധ തുറകളിലുള്ള പ്രഗത്ഭരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനും, അവരോടൊപ്പം സംവദിക്കാനുമുള്ള അവസരവും തിങ്ക് ഇന്ത്യ ഒരുക്കിയിരുന്നു. വികസിത ഭാരതം: രാഷ്‌ട്രപുനര്‍മ്മാണത്തിനായി സംരംഭകത്വവും നിര്‍മ്മിത ബുദ്ധിയും എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന പ്രമേയം. തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
രാഷ്‌ട്രപുനര്‍മ്മാണത്തിനായി നൂതനാശയങ്ങള്‍ എന്ന വിഷയത്തിലാണ് ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും, ഇന്നത്തെ യുവത അത് മനസ്സിലാക്കേണ്ടതിനെ പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. പിന്നീട് നടന്ന ഓരോ സെഷനുകളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരെ ഒന്നിച്ചുചേര്‍ക്കുന്നതായിരുന്നു. ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ദേവീദാസ് വാര്യര്‍ ആയുര്‍വേദ പാരമ്പര്യം – ശാസ്ത്രം, ഭാവി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഐഐഐടി ഡയറക്ടര്‍ പ്രൊഫ. കൃഷ്ണന്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദം എന്ന ഭാരതത്തിന്റെ തനതായ ചികിത്സാശാസ്ത്രത്തിന്റെ കാലിക പ്രസക്തിയും, സംരംഭകത്വ സാധ്യതകളെപറ്റിയും വിദ്യാര്‍ഥികള്‍ അദ്ദേഹവുമായി സംവദിച്ചു. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും തുഗ്ലക് വാരികയുടെ മുഖ്യപത്രാധിപരുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു മറ്റൊരു അതിഥി. എന്‍ഐടി നാഗാലാന്‍ഡ് ഡയറക്ടര്‍ പ്രൊഫ. എ. ഇളയപെരുമാള്‍ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രനിര്‍മാണവും സാമ്പത്തിക ശക്തിയുടെ സാധ്യതകളുമായിരുന്നു വിഷയം. ഭാരതത്തിന്റെ സാമ്പത്തികനയങ്ങളും, ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള യാത്രയ്‌ക്ക് വിദ്യാര്‍ത്ഥികളും, യുവാക്കളും പ്രയത്‌നിക്കേണ്ടതിന്റെ ആവശ്യവും ചര്‍ച്ചയായി. തുടര്‍ന്ന്, സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ പി. സന്ദീപ്, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ദക്ഷിണപഥം എന്ന പേരിനു പിന്നിലെ ചരിത്രവും, സാംസ്‌കാരിക പരിച്ഛേദത്തെ പറ്റിയും ചര്‍ച്ച നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും, സുപ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളും, അവിടുത്തെ ജ്ഞാന പരമ്പരകളുടെ പ്രാധാന്യത്തെ പറ്റിയും വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തു.
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ വികസിത ഭാരതത്തിലേക്കുള്ള നിയമ നിര്‍മാണ സാധ്യതകളെ പറ്റിയാണ് സംസാരിച്ചത്. ഭാരതീയ ന്യായസംഹിതയും, നിയമ സംവിധാനങ്ങള്‍ ജനകീയവത്കരിക്കേണ്ടതിന്റെയും നിയമം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പടെയുള്ള സുപ്രധാന ഉത്തരവുകളും ചര്‍ച്ചയായി. സമ്മേളനത്തിന്റെ രണ്ടാം ദിവസം സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വേമ്പുനിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകളും, സംരംഭകത്വ സാധ്യതകളും എന്ന വിഷയത്തില്‍ സംസാരിച്ചു. യുവാക്കള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതിന്റെ ആവശ്യകതയും, അതിലേക്ക് എപ്രകാരം എത്താമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയില്‍, സുസ്ഥിര വികസന മാതൃകകളോട് സമന്വയിച്ച് നില്‍ക്കുന്ന അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് വ്യവസായവും, യോഗയും ആയുര്‍വേദവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും പരാമര്‍ശിച്ചു.
നിര്‍മിത ബുദ്ധി ജോലികള്‍ നഷ്ടപ്പെടുത്തില്ലെന്നും, മറിച്ച് അവയെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ദിനം മുഖ്യാതിഥി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനായിരുന്നു. ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കാമകോടിയോടൊപ്പം നടത്തിയ വിദ്യാര്‍ത്ഥി സംവാദം പുതിയ അനുഭവമായി. പുതിയ ദേശീയ വിദ്യാഭ്യാസം അവതരിപ്പിച്ചതിന് അഞ്ചാം വര്‍ഷത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍, വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങളെ പറ്റി അദ്ദേഹം ഓരോന്നായി വിവരിച്ചു. അക്കാദമിക് ബാങ്ക് ഓഫ് ക്രെടിട്‌സ്, ഒരേ സമയം രണ്ട് ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ചര്‍ച്ചയിലേക്കെത്തി. മന്ത്രിയുടെ സാന്നിധ്യത്തില്‍ തിങ്ക് ഇന്ത്യയും , ഐ.ഐ.ടി മദ്രാസ് – നാഷണല്‍ ഇന്റേണ്‍ഷിപ് പ്‌ളേസ്‌മെന്റ് ട്രെയിനിംഗ് ആന്റ് അസ്സെസ്സ്‌മെന്റും ധാരണാപത്രം ഒപ്പുവെയ്‌ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും , ഉദ്യോഗാര്‍ത്ഥികള്‍ക്കും കൃത്യമായ പരിശീലനങ്ങള്‍ നല്‍കിക്കൊണ്ട്, തൊഴിലിനും ഇന്റേണ്‍ഷിപ്പുകള്‍ക്കും തയ്യാറാക്കുകയാണ് പ്രധാന ഉദ്ദേശലക്ഷ്യം. തുടര്‍ന്ന്, വിദ്യാര്‍ത്ഥികളുടെ ഓരോ ചോദ്യങ്ങള്‍ക്കും മന്ത്രി കൃത്യമായ മറുപടി നല്‍കുകയും ചെയ്തു. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ , വിദ്യാഭ്യാസ സഹായ സാദ്ധ്യതകള്‍ എന്നിവയെല്ലാം സംവാദത്തില്‍ ഉള്‍പ്പെട്ടു. ചൈനയെ മാതൃകയാക്കി സാങ്കേതിക മേഖലയില്‍ മുന്നിലേക്ക് വരേണ്ടതുണ്ടോ എന്നചോദ്യത്തിന് ഭാരതം എന്തിന് ചൈനയെ മാതൃകയാക്കണമെന്നും, ഭാരതം സ്വയംപര്യാപ്
തമായി തന്നെ വികസന പാതയിലാണെന്നും മന്ത്രി മറുപടി പറഞ്ഞു.
ആനന്ദമയ – സാര്‍ത്ഥക വിദ്യാര്‍ത്ഥി ജീവിതം എന്ന വിഷയത്തില്‍ ചിന്മയ മിഷനില്‍ നിന്നും സ്വാമി മിത്രാനന്ദ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. എന്‍.ഐ.ടി തൃച്ചി ഡയറക്ടര്‍ പ്രൊഫ. ജി. അഖില അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും, സ്വഭാവ ഗുണങ്ങളും , പ്രത്യാശകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ക്യാംപസ് ജീവിതത്തെ ആന്ദകരമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളിലെ പഠനസമ്മര്‍ദം ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങളും, ആധ്യാത്മികതയ്‌ക്ക് അതില്‍കൊണ്ട് വരാന്‍ സാധിക്കുന്ന മാറ്റങ്ങളെ പറ്റിയും ചര്‍ച്ച നടന്നു. തുടര്‍ന്ന് , രാംകോ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്‍ പി.ആര്‍. വെങ്കട്ടരാമരാജ നൂതന സമീപനങ്ങള്‍ പാരമ്പര്യ വ്യവയസായങ്ങളെ പരിപോഷിപ്പിക്കുന്നത് എപ്രകാരമാണെന്ന് വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. എന്‍.ഐ.ടി പുതുച്ചേരി ഡയറക്ടര്‍ എം.എം.ഗാംഗ്രേഖര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ , വിദ്യാര്‍ഥികള്‍ അവരുടെ സ്റ്റാര്‍ട്ട് – അപ് , വ്യവസായ ആഗ്രഹങ്ങളും സംശയങ്ങളും പങ്കുവെച്ചു. മാറുന്ന ആഗോള വ്യവസ്ഥിതികള്‍ക്കൊപ്പം പരമ്പരാഗത വ്യവസായങ്ങളെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കേണ്ട രീതിയും ആദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പങ്കുവെച്ചു.
തിങ്ക് ഇന്ത്യയുടെ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം സമാപന സഭയില്‍ , സമ്മേളനത്തില്‍ പങ്കെടുത്ത 22 പ്രീമിയര്‍ സ്ഥാപങ്ങളിലും തിങ്ക് ഇന്ത്യയുടെ ക്യാംപസ് ഭാരവാഹികളെ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഐ.ഐ.ടി മദ്രാസിന്റെ ഹരിത പശ്ചാത്തലത്തില്‍,രണ്ട് ദിവസം പുതിയ അറിവുകളുടെ സംഗമ വേദിയില്‍ നിന്നും , വിടപറഞ്ഞ ഓരോ വിദ്യാര്‍ത്ഥികളും , തിങ്ക് ഇന്ത്യയ്‌ക്കൊപ്പം ഇഴചേര്‍ന്നുകഴിഞ്ഞിരുന്നു. ക്യാമ്പസുകളെ ഊര്‍ജ്ജസ്വലമാക്കുന്ന ദേശീയ ചിന്താധാരയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകൊടുക്കാനും ഈ സമ്മേളനത്തിന് സാധിച്ചു. കേരളത്തില്‍ നിന്നും ഐ.ഐ.ടി പാലക്കാട് , എന്‍.ഐ.ടി കോഴിക്കോട് , ഐ.ഐ.എസ്.ടി തിരുവനന്തപുരം, ഐ.ഐ.ഐ.ടി കോട്ടയം എന്നീ പ്രധാന വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണപഥ സമ്മിറ്റിന്റെ ഭാഗമായി.
കേരളളത്തിന് പുറത്തുള്ള പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികളും, സംഘാടക സമിതിയിലുള്‍പ്പടെ ഭാഗമായി. പ്ലാസ്റ്റിക് രഹിത സമ്മേളനത്തില്‍ , വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ട്പാടുകള്‍ , സര്‍ട്ടിഫിക്കറ്റ് എന്നിവ എല്ലാം തന്നെ റീസൈക്കിള്‍ ചെയ്തു ലഭ്യമാക്കിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ളതായിരുന്നു. അതിഥികള്‍ക്ക് നല്‍കിയ ഉപഹാരങ്ങളും ശ്രദ്ധേയമായി. മഹാബലിപുരം ക്ഷേത്രത്തിന്റെ മാതൃകയും, കാപ്പിപ്പൊടികൊണ്ട് വിദ്യാര്‍ഥികള്‍ വരച്ച് തയ്യാറാക്കിയ സ്വാമി വിവേകാന്ദന്റെ ചിത്രവും എല്ലാവര്‍ക്കും ആകര്‍ഷകമായി.
രാജ്യമെമ്പാടും ദേശവിരുദ്ധശക്തികളും , ലഹരി മാഫിയകളും വിദ്യാഭ്യാസ സ്ഥാപങ്ങളെ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍, ഇത്തരം മാറ്റങ്ങള്‍ പ്രത്യാശ പകരുന്നവയാണ്. വിദ്യാര്‍ത്ഥികളുടെ ഇന്നത്തെ ആവശ്യങ്ങളും, താത്പര്യമേഖലകളും ചര്‍ച്ച ചെയ്യാന്‍ സാധിച്ചു എന്നത് തന്നെ സമ്മേളനത്തിന്റെ വിജയമായി കാണാന്‍ സാധിക്കും. ഇത്തരം കൂട്ടായ്‌മകള്‍ ഭാരതത്തിന്റെ ജെന്‍-സി എത്രത്തോളം രാഷ്‌ട്രതാത്പര്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നു എന്നതിനും തെളിവാണ്. ദക്ഷിണഭാരതത്തില്‍ തിങ്ക് ഇന്ത്യ തുടങ്ങി വെക്കുന്ന ഈ മാറ്റം, ഇനിയും പല പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും വരുംനാളുകളില്‍ വ്യാപിക്കും.
( തിങ്ക് ഇന്ത്യ ദക്ഷിണപഥ സമ്മിറ്റ് കോര്‍ഡിനേറ്ററും , എന്‍.ഐ.ടി പുതുച്ചേരിയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമാണ് ലേഖകന്‍ )
















