ചെന്നൈ: ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ക്കുന്ന രാഷ്‌ട്രീയവുമായി രംഗത്ത് വന്ന വിജയ് ഒടുവില്‍ ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയിലേക്ക് നീങ്ങുമോ എന്ന ഭീതിയില്‍ ഡിഎംകെ. ഡി എം കെയെ തോല്‍പ്പിക്കാന്‍ ഒരുമിക്കണമെന്നാണ് എടപ്പാടി പളനിസ്വാമിയുടെ വിജയിയോടുള്ള പരസ്യ ആഹ്വാനമാണ് ഡിഎംകെയെയും സ്റ്റാലിനെയും ഭയപ്പെടുത്തുന്നത്.
എ ഐ എ ഡി എം കെയെ എങ്ങിനെയെങ്കിലും അധികാരത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായി എടപ്പാടി പളനിസ്വാമി. അതിന്റെ ഭാഗമായാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുമായി സഖ്യമുണ്ടാക്കിയത്.
എ ഐ എ ഡി എം കെയുടെ സഹായത്തോടെ ടി വി കെ നേതാവ് വിജയിയെ എന്‍ ഡി എ പാളയത്തില്‍ എത്തിക്കാന്‍ വന്‍നീക്കം നടക്കുന്നതായി ഡിഎംകെ വിലയിരുത്തുന്നു. കരൂരിലെ അപകടത്തെതുടര്‍ന്ന് പൊലീസ് കേസും മറ്റും കാരണം ഭരിയ്‌ക്കുന്ന ഡിഎംകെയുമായി അകലേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് വിജയ്. ഡിഎംകെയുമായുള്ള വിജയിന്റെ ഈ അകല്‍ച്ച മുതലാക്കാനാവുമോ എന്നാണ് എടപ്പാളി പളനിസ്വാമി ഉറ്റുനോക്കുന്നത്.
ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ക്കുന്ന വിജയിയുടെ രാഷ്‌ട്രീയ ലൈന്‍ കരൂര്‍ ദുരന്തംമാറ്റിയെഴുതുകയാണെന്നാണ് തമിഴകത്തുനിന്നും ലഭിക്കുന്ന സൂചനകള്‍. കരൂര്‍ ദുരന്തത്തിന് വഴിവച്ചത് ഡി എം കെയുടെ ഗൂഢാലോചനയാണെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്. ഉന്നതതല അമ്പേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്ന വിജയ് ലക്ഷ്യമിടുന്നത് ഒരു സി ബി ഐ അന്വേഷണമാണ്. കേന്ദ്ര ഏജന്‍സിയെ കരൂര്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണചുമതല ഏല്‍പ്പിക്കാന്‍ ഭരണ കക്ഷിയായ ഡി എം കെ ഒരുക്കമല്ല. സുപ്രീംകോടതിയെ സമീപിച്ച ടി വി കെ ആവശ്യപ്പെട്ടിരിക്കുന്നതും കരൂര്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ്.
















