പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത് കുറ്റം സമ്മതിച്ചു. ഭാര്യ വൈഷ്ണവിക്ക് (26) മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലക്കു കാരണമെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. നാല് വര്‍ഷത്തെ പ്രണയശേഷം ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വൈഷ്ണവിയെ മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോറന്‍സിക് സംഘം ദീക്ഷിതിന്റെ വീട്ടില്‍ പരിശോധന നടത്തി. ദീക്ഷിതിനെതിരെ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും കേസെടുത്തു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറാണ് കേസന്വേഷണം നടത്തുക.
9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിയതും വൈഷ്ണവി മരിച്ചു. മരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്.
















