കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേല്‍ ജോസ് ചാക്കോയുടെ ഭാര്യ ലീനാ ജോസാണ്(55) മരിച്ചത്. അടുക്കളയ്‌ക്ക് സമീപം കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്ത മകന്‍ ജെറിന്‍ തോമസ് പുലര്‍ച്ചെ ഒരുമണിയോടെയാണ് വീട്ടിലെത്തിയത്. അപ്പോഴാണ് ലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് ഭര്‍ത്താവും മറ്റൊരു മകനും ഭര്‍തൃപിതാവും വീട്ടിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
ലീനയുടെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തി. ലീനയ്‌ക്കും
ഇളയ മകനും ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
















