താൻ തന്നെയാണ് നോബൽ സമ്മാനത്തിന് അർഹനെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിന്റെ ആദ്യഘട്ടത്തിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോബൽ സമ്മാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നത്. ഏഴ് ആഗോള സംഘർഷങ്ങൾ പരിഹരിച്ചതായി അവകാശപ്പെട്ടിട്ടും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാനുള്ള സാധ്യതയെക്കുറിച്ച് സംശയം തോന്നുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. നോബൽ സമ്മാനത്തിനായി നിരവധി രാജ്യങ്ങൾ ട്രംപിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അതിലൊന്ന് പാകിസ്ഥാനാണ്.
2024 ജൂൺ 20-ന്, ഇന്ത്യ-പാക് പ്രതിസന്ധി ഘട്ടത്തിലെ “നിർണ്ണായകമായ നയതന്ത്ര ഇടപെടലിനും പ്രധാന നേതൃത്വത്തിനും” ട്രംപിന് നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയാണെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. മെയ് മാസത്തിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
ട്രംപിന്റെ നോബൽ സമ്മാന മോഹം വളരെക്കാലമായിട്ടുള്ളതാണ്. തന്റെ മുൻഗാമി ബരാക് ഒബാമയ്‌ക്ക് എന്തുകൊണ്ടാണ് പദവിയിലെത്തിയ ആദ്യവർഷം തന്നെ പുരസ്‌കാരം ലഭിച്ചതെന്നും ട്രംപ് പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്.
















