കാസര്‍കോട് : മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കിയതിനുപിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് ബന്ധുക്കള്‍. കടമ്പാര്‍ സ്വദേശികളായ അജിത്ത് (35), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ വിഷം കഴിച്ച ഇവര്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഇവര്‍ക്ക് 3 വയസ്സുള്ള ഒരു മകനുണ്ട്.
അജിത്ത് പെയിന്റിങ് തൊഴിലാളിയും ശ്വേത സ്വകാര്യ സ്‌കൂളില്‍ അധ്യാപികയുമാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബ്ലേഡ് പലിശയ്‌ക്ക് ഇവര്‍ പണം കടമെടുത്തിരുന്നെന്നും ഇവരുടെ വീട്ടിലെത്തി ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
















