ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ പുരുഷാര്‍ത്ഥങ്ങള്‍ തുടങ്ങുന്നത് ധര്‍മത്തില്‍ നിന്നാണ്. ധര്‍മത്തെ ആശ്രയിച്ച് നന്നായി അര്‍ത്ഥ(ധനം)ത്തെ നേടുകയും ആ അര്‍ത്ഥം ഉപയോഗിച്ച് എല്ലാ കാമങ്ങളും അനുഭവിക്കുകയും ചെയ്യുക എന്നതാണ് ഗൃഹസ്ഥനുള്ള നിര്‍ദേശം. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് അധിക പ്രാധാന്യം നല്‍കുവാന്‍ വിധിയില്ല. ധര്‍മാര്‍ത്ഥകാമങ്ങള്‍ സമസ്ഥിതിയില്‍ നിന്നാലേ ഗൃഹസ്ഥന് തന്റെ പുരുഷാര്‍ത്ഥം നേടി പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിനുള്ള അധ്വാനത്തിലേക്ക് നീങ്ങുവാനാകൂ എന്നാണ് മഹാത്മാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്. അധാര്‍മികമായി ഒന്നും നേടുവാന്‍ ആചാര്യ സമ്മതമില്ലാത്തതിനാല്‍ ധര്‍മമാണ് എല്ലാറ്റിനും ആധാരമായി നിലകൊള്ളുന്നത്. ധര്‍മം ഭദ്രമാണെങ്കില്‍ മറ്റുള്ളവയും ഭദ്രമാകും എന്ന് സാരം. ധര്‍മത്തിന് നാലു ലക്ഷണങ്ങള്‍ ആചാര്യന്മാര്‍ പറയുന്നുണ്ട്.
വേദം അഥവാ അറിവാണ് ഒന്നാമത്. സമൂഹത്തില്‍ ശാസ്ത്ര യുക്തമായ അറിവും അറിവിനുള്ള കേന്ദ്രങ്ങളും ഉണ്ടാവണം. രണ്ടാമത്തെ ലക്ഷണം വിചാരപദ്ധതി അഥവാ വേദാന്തം. കേട്ടതിനെ വിചാരത്തിലൂടെ മനനം ചെയ്തറിയണം എന്നാണ് വിധി. എന്നാല്‍ ഈ രണ്ടാമത്തെ ലക്ഷണത്തിന്റെ കൂടെ സത്സ്വഭാവം എന്നൊരു ഗുണം കൂടി വേണം എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. കേവലം തത്വചിന്ത അല്ലെങ്കില്‍ വിചാരം മാത്രമായിപ്പോയാല്‍ അഹങ്കാരിയായി നശിച്ചുപോകും എന്നാണ് മതം. സദാചാരമാണ് ധര്‍മത്തിന്റെ മൂന്നാമത്തെ ലക്ഷണം. അത് ഗൃഹപാഠങ്ങളില്‍ അധിഷ്ഠിതമാണ്. അച്ഛനും അമ്മയും ആചരിക്കുന്നത് കണ്ട് കുട്ടികള്‍ ആചരിക്കണം. ഈ ആചരണങ്ങളുടെ പാഠമാണ് സാമൂഹ്യ മര്യാദകളായും ആരാധനാലയങ്ങളിലെ അനുഷ്ഠാനങ്ങളായുമൊക്കെ നമ്മുടെ പൂര്‍വ്വികര്‍ നിര്‍വ്വഹിച്ചത്. ആത്മപ്രിയത്വമാണ് ധര്‍മത്തിന്റെ നാലാമത്തെ ലക്ഷണം. ആത്മാവിന് അഥവാ തനിക്ക് സുഖമുണ്ടായിരിക്കണം എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഈ നാലു ഗുണങ്ങളും നിലനില്ക്കുന്നുണ്ടെങ്കിലേ ധര്‍മം നിലനില്ക്കുന്നുള്ളൂ എന്നാണ് ആചാര്യമതം.
സമകാലീന കേരള സാഹചര്യത്തില്‍ അടുത്ത കാലത്തായി ഈ നാലു ലക്ഷണങ്ങളും നഷ്ടമായിരിക്കുന്നു എന്നതാണ് അനുഭവം. അതായത് ധര്‍മലോപം സംഭവിച്ചിരിക്കുന്നു. അറിവ് എന്നത് മാറി ഇന്‍ഫര്‍മേഷന്‍ മാത്രമായി. മൂല്യത്തിലും അനുഭവത്തിലുമാണ് അറിവ് നിലനില്ക്കുക. എങ്ങനെ ജീവിക്കണം എന്ന അറിവു പോലും പുതിയ തലമുറയ്‌ക്കില്ല. അതുകൊണ്ടാണ് ചെറിയൊരു പ്രശ്നം വരുമ്പോഴേക്ക് വലിയ ഐഎഎസ്സുകാരും ഐപിഎസ്സുകാരും വരെ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. ശ്രദ്ധ എന്ന ഗുണമില്ലാത്തതുകൊണ്ട് വിചാരപദ്ധതിയും സമാജത്തിന് അന്യമായി. ആചാരങ്ങളൊക്കെ പരിഷ്‌കരിക്കപ്പെട്ട് അപമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ആചാര ധ്വംസനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുമുണ്ട്. ആദ്യത്തെ മൂന്നു ഗുണങ്ങളുമില്ലാത്തതിനാല്‍ സ്വത്വബോധമില്ലാത്തവരായി സ്ട്രസ്സും ഡിപ്രഷനും അനുഭവിച്ച് ആത്മപ്രിയത്വം എന്ന ലക്ഷണവും വ്യക്തികള്‍ക്കില്ലാതെയായി. ഇതാണ് ധര്‍മ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ എന്നത് കുറച്ചുകാലമായി സന്ന്യാസിമാരെ ദുഃഖിപ്പിച്ചിരുന്നു.
ഈയൊരു ദുരവസ്ഥയുടെ ഫലമായി കുടുംബഛിദ്രതയും നിഷേധവും അരാജകത്വവും കേരളത്തിന്റെ മുഖമുദ്രയായി. ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന പഴമക്കാരുടെ അനുഭവം ചെകുത്താന്മാരുടേയും നാടാണ് കേരളം എന്ന പുത്തന്‍ അനുഭവത്തിലേക്ക് മാറിയിരിക്കുന്നു. മയക്കുമരുന്നും രാഷ്‌ട്ര വിരുദ്ധ മനോഭാവവും വര്‍ധിച്ചിരിക്കുന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, തൈക്കാട്ട് അയ്യാസ്വാമികള്‍, ശുഭാനന്ദഗുരു, സദാനന്ദ സ്വാമികള്‍, നിര്‍മലാനന്ദ സ്വാമികള്‍, രാമാനന്ദസ്വാമി വാഗ്ഭടാനന്ദന്‍, ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയ മഹാത്മാക്കള്‍ ഉഴുതുമറിച്ചു പാകിയ നവോത്ഥാന മൂല്യങ്ങളുടെയൊക്കെ വിളവെടുപ്പുകാര്‍ മറ്റു പലരുമായി. ചരിത്രപാഠങ്ങളില്‍ പോലും ആചാര്യ സ്ഥാനങ്ങള്‍ വിസ്മരിക്കപ്പെട്ടു. ജീവിതം മുഴുവന്‍ കുഷ്ഠരോഗികളെ പരിചരിച്ച നൃസിംഹാനന്ദ സ്വാമികളേപ്പോലെയുള്ളവര്‍ ചരിത്രത്തിലേ ഇല്ലാതെയായി. പകരം മറ്റു പല പാശ്ചാത്യസേവകരും മഹത്വവത്കരിക്കപ്പെട്ടു. തൊഴിലാളികളുടെ ക്ഷേമത്തിനായി ഊരാളുങ്കല്‍ എന്ന സൊസൈറ്റി രൂപീകരിച്ച വാഗ്ഭടാനന്ദ സ്വാമികളുടെ സ്ഥാനം ഹൈജാക്ക് ചെയ്യപ്പെട്ടു. ഭരണകൂടസ്ഥാനങ്ങളില്‍ പോലും ഹൈന്ദവസ്ഥാനം പ്രീണന രാഷ്‌ട്രീയത്തില്‍ മുങ്ങിത്താഴുന്നതാണ് അനുഭവം. ഹിന്ദു ജനസംഖ്യയും ഭീതിദമായി കുറയുന്നു. മതപരിവര്‍ത്തനത്തിനും വ്യാപകമായി ഹിന്ദു വിധേയരാകുന്നു. ഇത്തരത്തിലുള്ള ശോഷണത്തിനും ചൂഷണത്തിനും വിധേയപ്പെട്ടുഴലുന്ന ഹിന്ദു സമാജത്തിന് നഷ്ടമാകുന്ന ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ഈയൊരു ദുരവസ്ഥയില്‍ നിന്ന് സമാജത്തെ രക്ഷിക്കുവാനുള്ള ആഹ്വാനവുമായാണ,് കേരളത്തിലെ എല്ലാ പരമ്പരകളിലുമുള്ള സന്ന്യാസിമാര്‍, ധര്‍മ സന്ദേശ യാത്രയുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നത്. പുത്തന്‍ ഹിന്ദു തലമുറ ധര്‍മത്തിലേക്കും മൂല്യങ്ങളിലേക്കും മടങ്ങിയെത്തുകയും പഴയ ആര്‍ജവത്തോടെ ജീവിക്കുകയും ചെയ്യുവാനിടവരട്ടെ.
















