ജൽപൈഗുരി: പശ്ചിമ ബംഗാളിലെ ബിജെപി എം.പി ഖഗേൻ മുർമുവിനെതിരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ ബംഗാളിലെ മാൽഡയിലെ നാഗരകട്ടയിൽ വച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലുകൾ, ചെരിപ്പുകൾ, ഷൂസ്, വടികൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഖഗേൻ മുർമുവിന്റെ ശരീരം മുഴുവൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. വെള്ളപ്പൊക്കബാധിതരായ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഖഗേൻ ഇവിടെയെത്തിയത്. സിലിഗുരി എംഎൽഎ ശങ്കർ ഘോഷും ഒപ്പമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വടക്കൻ ബംഗാളിൽ സമീപ ദിവസങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും നിരവധി ജീവൻ നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയതിൽ പ്രദേശവാസികൾ രോഷാകുലരാണെന്ന് റിപ്പോർട്ടുണ്ട്.
















