പാലക്കാട്: പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗികാരപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നത്.
ഇന്നലെ രാത്രി ഒമ്പതു മണിക്ക് പാലക്കാട് ഡിപ്പോയിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. രാഹുൽ മാങ്കൂട്ടത്തിലിനെ സർക്കാർ പരിപാടികളിൽ നിന്നും തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങിനിടെ പ്രതിഷേധമൊന്നും ഉണ്ടായില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഡിപ്പോയിലെത്തിയത്.
വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്ന് രാഹുൽ പാലക്കാടെത്തിയത്. മണ്ഡലത്തിൽ എത്താതിരിക്കാൻ തനിക്ക് ആകില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.
ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുൽ മണ്ഡലത്തിലെത്തിയപ്പോൾ, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയായിരുന്നു പാലക്കാട് കണ്ടത്.















