കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പന്നിഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റര്‍ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവെക്കണം. രോഗബാധിത മേഖലയില്‍ നിന്ന് പന്നിമാംസം, പന്നികള്‍, തീറ്റ എന്നിവ ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നതും ഇവിടേക്കു കൊണ്ടുവരുന്നതും നിരോധിച്ചു.
കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങള്‍.
കുമരകം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, അയ്‌മനം, വെച്ചൂര്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍.
ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കാണപ്പെടുന്ന വൈറസ് രോഗമാണ്. ഇത് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
















