ലക്ഷ്മണന്‍ കുയിലൂര്‍
ഗായത്രിയുടെ അമ്മ വീടിന്റെ സൗന്ദര്യം പുഴയുടെ സാമിപ്യമായിരുന്നു. അതും കൊച്ചു വീടിന്റെ കിഴക്ക് ഭാഗത്ത്. സൂര്യോദയവും ഒഴുകുന്ന പുഴയും കൊച്ചു വീടിന്റെ സൗഭാഗ്യമായിരുന്നു. ഉമ്മറത്ത് ഇരുന്നാല്‍ അത് രണ്ടും കാണുകയും ആസ്വദിക്കുകയും ചെയ്യാം. മറുകരയിലെ വിശേഷങ്ങള്‍ ഉറക്കെ ചോദിച്ചാല്‍ വിളിച്ചുപറയുന്ന നന്മ മരങ്ങള്‍. സായാഹ്നത്തില്‍ കൂടണയാന്‍ പറന്നുപോകുന്ന പറവകൂട്ടങ്ങളും പകലിന് തിരശ്ശീല വീഴുമ്പോഴുള്ള ആകാശഭംഗിയും എത്ര കണ്ടാലും മതിവരാത്ത കുളിരോര്‍മ്മകളാണിന്നും.
മുത്തശ്ശി മാത്രമാണ് കുഞ്ഞുവീട്ടിലെ ഇപ്പോഴത്തെ അന്തേവാസി. അവധിയുണ്ടെന്നറിഞ്ഞാല്‍ മുത്തശ്ശി മകളെയും ജീവന്റെ ജീവനായ പേരക്കുട്ടിയെയും ദൂരേക്ക് കണ്ണയച്ച് കാത്തിരിക്കും. ഗായത്രി മൊട്ടായനേരത്തും പൂവായനേരത്തും മുത്തശ്ശിയുടെ മടിയിലിരുന്ന് പഴങ്കഥകളും പുഴയുടെ കഥകളും കാതോര്‍ത്തിരുന്നുകേള്‍ക്കും.
എങ്ങും പൂക്കള്‍ ചിരിക്കുന്ന ഒരോണക്കാലം.അടുത്ത ജില്ലയിലാണ് ഗായത്രിയും അമ്മയും കൂടു മാറിപ്പോയത്. അവധി കളര്‍ഫുള്‍ ആക്കുന്നത് എന്നും പുഴയോരത്തെ അമ്മയുടെ വീട്ടിലായിരുന്നു. മുത്തശ്ശി നടുമുറ്റത്ത് പൂക്കളം തീര്‍ത്ത് അരുമകളെ കാത്തിരുന്നു. ഗായത്രി മുത്തശ്ശിക്ക് ഓണസമ്മാനം നല്‍കി മുത്തശ്ശിയെ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങളാല്‍ മൂടി. ചിങ്ങവെയിലിന്റെ ചൂടിന് കാഠിന്യം കുറഞ്ഞുവരുന്ന നേരം. പുഴയിലെ ഓളങ്ങള്‍ നൃത്തച്ചുവടുകളോടെ ഗായത്രിയെ മാടിവിളിച്ചു. ഓളങ്ങളുടെ വിളിയില്‍ ഗായത്രിയുടെ മനസ്സ് അലിഞ്ഞു. അവള്‍ കുഞ്ഞു വീടിന്റെ നടവഴികള്‍ ധൃതിയില്‍ ഇറങ്ങി. സന്തോഷാധിക്യത്താല്‍ പാദസരങ്ങള്‍ പതിവിലധികം കുലുങ്ങി ചിരിച്ചു.
വലതുകാല്‍ വെള്ളത്തിലൂന്നി ഗായത്രി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവളുടെ മൃദുല പാദങ്ങള്‍ പുഴയിലേക്ക് നീണ്ടു. വെള്ളത്തിന് നിവര്‍ത്തിയ കരങ്ങള്‍ അവള്‍ ചേര്‍ത്തുപിടിച്ച് ജലദേവതയ്‌ക്കു നേരെ കൈകൂപ്പി. ഞൊടിയിടയില്‍ ആ സൗഭാഗ്യത്തെ പുഴ ഒളിപ്പിച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പുഴ അനന്തമായ ഒഴുക്കുതുടര്‍ന്നു. കൂടണയാന്‍ പോകുന്ന പറവ കൂട്ടങ്ങള്‍ ചിറകിട്ടടിച്ചത് അന്ന് ആരും അറിയാതെ പോയി.
















