കോട്ടയം: ഭാര്യ ജെസിയെ (49) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് സാം കെ. ജോർജിനെ (59) അറസ്റ്റ് ചെയ്തു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ സാമുമായി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകത്തിന് ഉപയോഗിച്ച കാറും മറ്റ് തെളിവുകളും കണ്ടെത്തിയത്.
കോട്ടയം ശാസ്ത്രി റോഡിലെ ഒരു ബാങ്കിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് സാം മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്ന് ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാം കെ. ജോർജിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ജെസി ചോദ്യം ചെയ്തതും, സ്വത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ വിധി പ്രതികൂലമാകുമെന്ന ഭയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് വ്യൂപോയിൻ്റിന്റെ ഫോട്ടോകളും പോലീസ് കണ്ടെടുത്തു.
















