തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരി മകളെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കാൻ സഹായിച്ചത് സെക്സ് റാക്കറ്റും സംഘമാണെന്ന് പോലീസ് കണ്ടെത്തി.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളോ അടുപ്പമുള്ളവരോ എത്താത്തതിനെ തുടർന്ന് ഏഴ് മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ പുറത്തിറക്കാനായെത്തിയത്.
വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ അടുത്തിടെ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കിയത്. തുടർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചു.
തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഈ സംഘം മോഷണവും ലഹരിക്കച്ചവടവുമാണ് പ്രധാനമായും നടത്തുന്നത്. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഇവർ ബന്ധപ്പെട്ടതിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിനു തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.















