ന്യൂദൽഹി: പദ്ധതി പ്രഖ്യാപിച്ച് 50 ദിവസം കഴിഞ്ഞപ്പോൾ നടപടി; മോദി സർക്കാരിന്റെ രാജ്യ സുരക്ഷയിലും പ്രതിരോധത്തിലുമുള്ള ശ്രദ്ധയും സൂക്ഷ്മതയും അത്രയ്‌ക്കാണ്. ചെങ്കോട്ടയിൽ ഈ ആഗസ്ത് 15 നാണ് പ്രതിരോധത്തിന് മിഷൻ സുദർശനചക്ര പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ആറ് എകെ630 സൈന്യത്തിന് ലഭ്യമാക്കി. ഈ ആറ് 30 എംഎം തോക്കുകൾ സൈന്യത്തിന്റെ വ്യോമ കവചം ശക്തിപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ലക്ഷ്യം വെച്ച അതിർത്തി പ്രദേശങ്ങളിലായിരിക്കും ഈ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കുക.
അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇഐഎൽ) ആറ് എകെ630 വ്യോമ പ്രതിരോധ തോക്കുകൾ വാങ്ങുന്നതിനായി സൈന്യം ഒരു റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അയൺ ഡോമിന്റെ മാതൃകയിൽ വരുന്ന ഈ സംവിധാനം, കനത്ത പ്രഹരശേഷിയുള്ള 30 എംഎം മൾട്ടിബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ്.
യുആർഎഎമ്മിൽ (ആളില്ലാത്ത ആകാശ വാഹനങ്ങൾ, റോക്കറ്റ്, പീരങ്കികൾ, മോർട്ടാർ) നിന്നുള്ള ഭീഷണി തടയുന്നതിനും അന്താരാഷ്‌ട്ര അതിർത്തിക്കും നിയന്ത്രണ രേഖയ്‌ക്കും (എൽഒസി) സമീപമുള്ള നഗരങ്ങളുടെയും മതപരമായ സ്ഥലങ്ങളുടെയും സംരക്ഷണത്തിനും എകെ630 ഉപയോഗിക്കുമെന്നാണ് ഇപ്പോൾ വിവരം. തോക്ക് സംവിധാനം ഒരു ട്രെയിലറിൽ ഘടിപ്പിക്കുകയും ഉയർന്ന മൊബിലിറ്റി വാഹനം ഉപയോഗിച്ച് സഞ്ചലിപ്പിക്കുകയും ചെയ്യും.
ഇതിന്റെ പ്രഹരദൂരപരിധി
4 കിലോമീറ്റർ വരെയാണ്. മിനിറ്റിൽ 3,000 റൗണ്ട് വരെ വെടിവയ്‌പ്പ് നടത്താം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇലക്ട്രോഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റം വഴിയായിരിക്കും നിയന്ത്രണം.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമഗ്രമായ ഒരു വ്യോമ കവചം സൃഷ്ടിക്കാൻ മിഷൻ സുദർശൻ ചക്ര പ്രഖ്യാപിച്ചു. ഈ സംവിധാനം ഒരു മൾട്ടിലെയേർഡ് ഷീൽഡായിരിക്കും, 2035 ഓടെ ഇത് പൂർണമായി തയ്യാറാകും. നിരീക്ഷണം, സൈബർ സുരക്ഷ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിക്കും.
















