കണ്ടതും കേട്ടതും
ശബരിമലയിൽ ദ്വാരപാലകർക്ക് ചാർത്തിയിരുന്ന ലോഹപ്പാളി സ്വർണമോ ചെമ്പോ മറ്റെന്തെങ്കിലും ലോഹമായിരുന്നോ? പുരാവസ്തുക്കൾ എന്ന വ്യാജത്തിൽ കേരളത്തെയും ലോകത്തെയാകെയും കബളിപ്പിച്ച ‘ജോൺസൺ മാവുങ്ക’ലിന്റെ കാലത്തെ വെളിപ്പെടുത്തലുകൾ പോലെ സങ്കീർണ്ണവും ദുരൂഹവുമാണ് ശബരിമല വിഷയത്തിൽ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, ഈ വാർത്തകളെല്ലാം പുറത്തുവരുമ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ ഭക്തന്മാർ ചതിക്കപ്പെടുന്നുവെന്നതാവ് ഞെട്ടിക്കുന്നത്. മാത്രമല്ല, പ്രധാന ആരാധനാലയങ്ങളിൽ നടക്കുന്ന ഈ വമ്പൻ തട്ടിപ്പുകൾ ചെയ്യുന്നവർ കേസിൽ പെടുമെങ്കിലും കളങ്കപ്പെടുന്നത് മഹാക്ഷേത്രങ്ങളുടെ നടത്തിപ്പിലെ വിശ്വാസ്യതയാണ്.
ഈ വിഷയത്തിൽ ആരാണ് ‘ജോൺസൺ മാവുങ്കൽ’ എന്നതാണ് ചോദ്യം. സ്വർണ്ണം പൂശാൻ ദീർഘകാലമായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കരാർ ഉണ്ടാക്കിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയോ? അതോ ഈ കരാർ, കരാറുകാരനെക്കുറിച്ച് അന്വേഷിക്കാതെ പോറ്റിക്ക് നൽകിയ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണോ? അതല്ല, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഈ നടപടികൾക്കെല്ലാം കൂട്ടുനിന്ന ദേവസ്വം ബോർഡ് ആകെയാണോ? ശബരിമലയിൽ ഈ ഇടപാടുകൾക്കെല്ലാം അവസരമൊരുക്കിയ ദേവസ്വം വകുപ്പുമന്ത്രി വി.കെ. വാസവനോ? അതല്ല, ദേവസ്വം ബോർഡ് ഭരിക്കാനും വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും തന്ത്രങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സാക്ഷാൽ മുഖ്യമന്ത്രിതന്നെയോ? ആരായാലും ഈ ജോൺസൺ മാവുങ്ക’ലിനെതിരേ നടപടിക്ക് വൈകുന്നത് അയാൾക്ക് ഉന്നത അധികാര കേന്ദ്രങ്ങളിലുള്ള പിടിപാടുകൊണ്ടുതന്നെയാണെന്ന് വ്യക്തം.
ഏഴു വിഷയങ്ങളിൽ വ്യക്തമായ മറുപടി അധികൃതരിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്:
1. ശബരിമലയിൽ സ്വർണപ്പാളികൾ സ്വർണ്ണം പൊതിഞ്ഞതാണോ, പൂശിയതാണോ, അതല്ല, ചെമ്പാണോ, അതോ ഏറ്റവും പുതിയ വെളിപ്പെടുത്തൽപോലെ സ്വർണ്ണ പെയിന്റടിച്ചതാണോ?
2. വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശിയ കാലത്തെ വ്യക്തമായ കണക്കുകൾ പ്രകാരം സ്വർണ്ണത്തിന്റെ അളവെത്ര?
3. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണ്ണം പൂശൽ ഇടപാടുകൾക്ക് കരാർ ലഭിക്കാൻ ആരാണ് സഹായിച്ചത്. പോറ്റിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ഇതിന് നിയോഗിച്ചത് ആരുടെ തീരുമാനപ്രകാരമാണ്?
4. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആദ്യം പറഞ്ഞത് ദേവസ്വം ഉദ്യോഗസ്ഥരുടെ പിഴവാണ് കാരണം എന്നായിരുന്നു. എന്നാൽ, ഇപ്പോൾ തന്റെ ഭരണകാലത്തിനുമുമ്പ് ഈ കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതും അന്വേഷിക്കണമെന്നുമാണ്. ഈ നിലപാടു മാറ്റം എന്തുകൊണ്ടാണ്.
5. ദേവസ്വം ബോർഡ് ഭരിക്കുന്നത് കോൺഗ്രസിൽനിന്ന് കാലുമാറി സിപിഎമ്മിലെത്തിയ പ്രശാന്തല്ല, പാർട്ടിതന്നെയാണെന്ന ആരോപണം ശരിവെക്കുന്നതല്ലേ ഈ സംഭവം?
6. ശബരിമലയിൽ മാത്രമാണോ ഇത്തരം കൃത്രിമങ്ങൾ എന്ന കാര്യത്തിലും അന്വേഷണം വേണ്ടതില്ലേ?
7. ആഗോളതലത്തിൽ അയ്യപ്പ-ശബരിമല സംരക്ഷണത്തിന് ‘സംരംഭകരെ’ വിളിച്ചുകൂട്ടിയ സർക്കാരിന് ക്ഷേത്രസ്വത്ത് കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടിന് കാരണക്കാരായ ‘ജോൺസൺ മാവുങ്കൽ’ ആരാണെന്ന് പോലും കണ്ടെത്താൻ രണ്ടാഴ്ച കഴിഞ്ഞിട്ടും സാധിക്കാത്തത് എന്ത് എന്ന ചോദ്യവും ഉയരുന്നു.
















