കൊച്ചി: വിജയദശമിയോടെ തുടക്കം കുറിച്ച ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനമാകെ 21 ദിവസം കൊണ്ട് 50 ലക്ഷം വീടുകള്‍ സമ്പര്‍ക്കം ചെയ്യും. സംസ്ഥാനത്തെ 10,910 ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും സംഘ പ്രവര്‍ത്തകരെത്തും.
‘സംഘടനയുടെ 100 വര്‍ഷം, സേവനത്തിന്റെയും’ എന്ന ലഘുലേഖയും ഭാരത മാതാവിന്റെ ചിത്രവും സംഘത്തിന്റെ ശതാബ്ദി യാത്ര വിവരിക്കുന്ന ചെറുപുസ്തകങ്ങളുമായാണ് ഓരോ വീട്ടിലേക്കും പ്രവര്‍ത്തകരെത്തുക. ഇതിനായി പ്രവര്‍ത്തകരെ 50,000 ബാച്ചുകളായി വിന്യസിച്ചു. എല്ലാ വീട്ടിലും എല്ലാവരിലുമെത്തുക എന്നതാണ് ഈ മഹാസമ്പര്‍ക്ക ലക്ഷ്യം.
നഗരങ്ങളില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും സമ്പര്‍ക്കം നടത്തും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരെ നേരിട്ടു കണ്ട് സംസാരിക്കുന്നതിനും പ്രത്യേക ബാച്ചുണ്ടാകും.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരളം പ്രാന്തത്തിലെ മഹാസമ്പര്‍ക്ക പരിപാടി നാളെ ആരംഭിക്കും. 21 ദിവസത്തെ സമ്പര്‍ക്കം 26ന് അവസാനിക്കും. 5217 ഗ്രാമങ്ങളില്‍ ഈ കാലയളവിനുള്ളില്‍ സമ്പര്‍ക്കം ചെയ്യും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തര കേരളം പ്രാന്തത്തിലെ മഹാസമ്പര്‍ക്കം 11നു തുടങ്ങി 30നു പൂര്‍ത്തിയാകും. 5693 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘ സന്ദേശവുമായി പ്രവര്‍ത്തകരെത്തും.
















