പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന ആരോപണം വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്നാണ് ഡി എം ഓ നിര്‍ദ്ദേശിച്ച പ്രകാരം നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ട്. ഡോ. പത്മനാഭന്‍,ഡോ. കാവ്യ എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കുട്ടിക്ക് ചികിത്സ നല്‍കിയെന്നുമാണ് വ്യക്തമാക്കുന്നത്.
പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ജില്ലാ ആശുപത്രിയില്‍ എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു.
സെപ്തംബര്‍ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെട്ടു. കൈയിലെ നിറം മങ്ങാന്‍ തുടങ്ങി.എന്നാല്‍ ഇത് സ്വാഭാവികമാണെന്നും ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്നും പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അവിടെ നടത്തിയ പരിശോധനയില്‍ കൈ അഴുകിയ നിലയിലായിരുന്നു. ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നു.
എന്നാല്‍ സ്ഥിതി കൈ വിട്ട് പോയെന്ന് മനസിലാക്കിയതോടെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ നിര്‍ദേശം നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.കുട്ടിയുടെ ശരീരത്ത് ഗുരുതരമായ പരിക്കുകളും അണുബാധയുമുണ്ടായിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
















