മട്ടാഞ്ചേരി: ശോഫാര്‍ കാഹളമുതി കൊച്ചിയും ജൂതപുതുവത്സരാഘോഷത്തിലായി. റോഷ് ഹസാന ദിനാഘോഷത്തില്‍ തുടങ്ങി സിംഹതോറ വരെയുള്ള 24 ദിവസം നീളുന്നതാണ് ജൂതപുതുവത്സരാ ഘോഷം. പ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഉപവാസ ക്രമത്തിലും വീടുകളിലും വിശേഷതയാര്‍ന്നതാണ് ജൂതപുതുവത്സരാഘോഷം. 67കാരനായ ക്വിത്ത് ഹലേഗ്വ മാത്രമാണിന്ന് കൊച്ചിയിലുള്ളത്. എന്നാലും പരമ്പരാഗത ജൂത ആചാരാനുഷ്ഠാന ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല. ഇസ്രയേല്‍ പുരോഹിതന്‍ മോഷേയ് റബ്ബായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കും.
ഹിബ്രൂ കലണ്ടറിലെ തിഷ്‌റിമാസ ആദ്യ ദിനമായ റോഷ്ഹസാനയാണ് ജൂത പുതുവത്സരദിനം. 5786 പുതുവത്സരദിനത്തില്‍ ജൂതര്‍ ഷാനാതോബാ എന്നറിയിച്ച് പരസ്പരം പുതുവത്സരാശംസകള്‍ നേരും. ആഘോഷത്തിലെ യോം കീപൂര്‍ ഉപവാസ ദിനം ഇന്ന് സൂര്യാസ്തമയത്തില്‍ തുടങ്ങും. രണ്ടിന് വൈകിട്ട് തീരും. ഭവനങ്ങളില്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനാദിനമാണിത്. ഒക്ടോബര്‍ 6ന് സുഖോത്ത് പെരുന്നാള്‍. 14 നാണ് സിംഹതോറ ആഘോഷം. ദീപങ്ങളുടെ ആഘോഷമാണിത്. അന്ന് ജൂതഭവനങ്ങള്‍ വൈദ്യുത ദീപാലങ്കാരത്താലും പള്ളിയില്‍ തുണ്‍ വിളക്കുകളും തെളിയിക്കും. ഇതോടെ ജൂതപുതുവത്സരാഘോഷങ്ങള്‍ സമാപിക്കും.
എണ്ണത്തില്‍ കുറവാണെങ്കിലും കൊച്ചി പരദേശി ജൂതപ്പള്ളി പുതുവത്സരാഘോഷ ലഹരിയിലാണ്. ജില്ലയില്‍ എട്ടും കേരളത്തില്‍ 20 ജൂതന്മാരുമാണുള്ളത്. പ്രതി വര്‍ഷം ഒന്നര ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് കൊച്ചി ജൂതപ്പള്ളി സന്ദര്‍ശിക്കുന്നതെന്നാണ് കണക്ക്. ശനിയാഴ്ചകളിലെ ഷബാത്ത് പ്രാര്‍ത്ഥനക്ക് പത്ത് പുരുഷന്മാരടക്കം 13 പേര്‍ വേണം. വിദേശികളും ചേര്‍ന്ന് ഇടയ്‌ക്ക് പ്രാര്‍ത്ഥന നടക്കാറുണ്ടെന്ന് സിനഗോഗ് മാനേജിങ് ട്രസ്റ്റി എം.സി. പ്രവീണ്‍ പറഞ്ഞു.
















