കോഴിക്കോട്: മത്സ്യവ്യാപാരം വിലക്കിയത് ചോദ്യം ചെയ്തതിന്‌റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടയാളെ കുത്തിക്കൊന്ന കേസില്‍ പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. കരിക്കാംകുളം കാഞ്ഞിരമുക്കില്‍ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് താഴത്ത് വെള്ളൂര്‍ രൂപേഷിനെ ശിക്ഷിച്ചത്. രാജീവന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും സംഭവത്തിനിടെ പരുക്കേറ്റ മത്സ്യവ്യാപാരി സാഹിര്‍ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കാനും ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാര്‍ വിധിച്ചു.
2021 ഓഗസ്റ്റിലായിരുന്നു സംഭവം. മത്സ്യവ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലിയും രൂപേഷുമായി ഉണ്ടായ തര്‍ക്കത്തില്‍ രാജീവന്‍ ഇടപെടുകയായിരുന്നു. സംഘര്‍ഷത്തിനിടെ രൂപേഷ് രാജീവനെ കുത്തിവീഴ്‌ത്തി. സാഹിര്‍ അലിക്കും കുത്തേറ്റിരുന്നു.
ചേവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന ചന്ദ്രമോഹനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
















