വിശാഖപട്ടണം: ഭാരത നാവികസേനയുടെ രണ്ടാമത്തെ അത്യാധുനിക ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ക്രാഫ്റ്റ് ആന്ത്രോത്ത് അടുത്ത മാസം ആറിന് കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നു. കിഴക്കന്‍ നാവിക കമാന്‍ഡിലെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ രാജേഷ് പെന്‍ഡാര്‍ക്കറിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിഷനിങ്.
80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളോടെ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ഞ്ചിനീയേഴ്‌സ് നിര്‍മിച്ച ആന്ത്രോത്ത് ഭാരതത്തിന്റെ ആത്മനിര്‍ഭരതയുടെയും ഭാരതത്തിന്റെ വളര്‍ന്നുവരുന്ന സമുദ്ര സ്വയംപര്യാപ്തതയുടെയും തെളിവാണ്. സപ്തംബര്‍ 15നാണ് ആന്ത്രോത്ത് നാവികസേനയ്‌ക്ക് കൈമാറിയത്.
ലക്ഷദ്വീപിലെ ദ്വീപസമൂഹത്തിലൊന്നായ ആന്ത്രോത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. നൂതന ആയുധ സെന്‍സര്‍ സ്യൂട്ടുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, വാട്ടര്‍ജെറ്റ് പ്രൊപ്പല്‍ഷന്‍ എന്നിവയാല്‍ സജ്ജമാണ് ആന്ത്രോത്ത്. ഭാരതത്തിന്റെ സമുദ്ര സുരക്ഷാ ഘടന ശക്തിപ്പെടുത്തുന്നതില്‍ ആന്ത്രോത്തിന്റെ കമ്മിഷനിങ് നിര്‍ണായക ചുവടുവെപ്പാണ്.
















