ചെന്നൈ: കരൂരില്‍ നടന്‍ വിജയിന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തി ആരാധകര്‍ തിക്കിത്തിരക്കിയത് മൂലം ഏതും പേര്‍ മരിച്ച ഉടനെ തമിഴ് നടി ഓവിയ ഇറക്കിയ വിവാദപ്രസ്താവന ഇതായിരുന്നു- നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണം. അപ്പോള്‍ തോന്നിയത് ഇത് ഒരു രാഷ്‌ട്രീയപ്രേരിതമായ കമന്‍റായിരിക്കും എന്നാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ആണ് ‘അറസ്റ്റ് വിജയ്’ എന്ന് നടി ഓവിയ എഴുതിയത്. എന്നാൽ മണിക്കൂറുകൾക്കകം ഓവിയ ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്തു. എന്തായിരിക്കാം ഓവിയയെക്കൊണ്ട് ഇത്രയ്‌ക്ക് കഠിനമായ വാക്കുകള്‍ പറയിച്ച് ചേതോവികാരം? അറിയില്ല. പക്ഷെ ഓവിയ കുറിച്ച ആ രണ്ട് വാക്കുകള‍് ചേര്‍ന്ന്, #arrestvijay എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയി മാറി.
പക്ഷെ ഇപ്പോള്‍ തമിഴ്നാട് പൊലീസ് 41 പേരുടെ മരണത്തിനിടയാക്കിയ വിജയിന്റെ റാലിയില്‍ വിജയിനെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. മനപൂര്‍വ്വം ആള്‍ക്കൂട്ടം കൂടതലായി ഉണ്ടാകാന്‍ വേണ്ടി മണിക്കൂര്‍ വൈകി പരിപാടിയുടെ സ്ഥലത്ത് വിജയ് എത്തി എന്നതാണ് ഒരു ആരോപണം. രണ്ടാമത്തേത് അനുമതിയില്ലാതെ റാലി നടത്തി. ഇത് രണ്ടുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. 4.45ന് അതിര്‍ത്തിയില്‍ എത്തിയ വിജയ് പിന്നെയും രണ്ടേക്കാല്‍ മണിക്കൂര്‍ വൈകിയാണ് കരൂരിലെ വേദിയില്‍ എത്തുന്നത്. അപ്പോഴേക്കും പതിനായിരം പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇടത്ത് ഒന്നരലക്ഷത്തില്‍ അധികം പേര്‍ തിങ്ങിക്കുടിയിരുന്നു. തന്റെ പാര്‍ട്ടിയുടെ ജനപ്രീതി മാധ്യമങ്ങളിലൂടെ തമിഴ് ജനതയെ അറിയിക്കുക എന്നത് മാത്രമായിരിക്കാം വിജയ് ഉദ്ദേശിച്ചത്. പക്ഷെ ഇപ്പോള്‍ വിജയിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അതിന്റെ മുന്നോടിയായി തമിഴ് വെട്രി കഴകം കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇനി അടുത്തത് വിജയിന്റെ അറസ്റ്റോ ?
















