ഇസ്‌ലാമാബാദ്: ലഡാക്കില്‍ ഇന്ത്യയ്‌ക്ക് അസ്വസ്ഥത നല്‍കുകയും വെടിവെയ്‌പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് സമാനമായ അസ്വസ്ഥത പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നല്‍കി പാക് അധിനകശ്മീരില്‍ കലാപം. മിര്‍പൂര്‍, കോട്ലി, റാവലകോട്ട്, നീലം വാലി, കെരന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ച് ശക്തമായി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ ഉടലെടുത്ത പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പാക് സൈന്യം വെടിയുതിര്‍ത്തതായും അതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പറയുന്നു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാര്‍ക്കറ്റുകളും കടകളും പൂര്‍ണ്ണമായും അടച്ച് ഗതാഗതം ഉള്‍പ്പെടെ സ്തംഭിപ്പിച്ചാണ് പ്രതിഷേധം.
പാക് ആര്‍മിയുടെയും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സിന്റെയും ആളുകളാണ് വെടിയുതിര്‍ത്തതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് ഷൂസിന്റെ ഭാഷ മാത്രമേ അറിയൂ എന്ന് രോഷത്തോടെ അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മീര്‍ പറയുന്നു. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാന്‍ ഇന്‍റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഒരാള്‍ അന്തരീക്ഷത്തിലേക്ക് വെടിക്കുന്നതിന്റെയും പതാകയേന്തിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെയും മറ്റുചിലര്‍ കാറിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നതിന്റെയും വീഡിയോ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യാണ് ഷെഹ്ബാസ് ഷെരീഫിന് തലവേദന നല്കുന്നത്. . 70 വര്‍ഷത്തിലധികമായി മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയാണ് പ്രക്ഷോഭമെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി പറയുന്നത്. വിളകള്‍, ധാന്യങ്ങള്‍, വൈദ്യുതി ബില്‍ എന്നിവയില്‍ കൂടുതല്‍ സബ്സിഡി നടപ്പാക്കുക, പതിറ്റാണ്ടുകളായുള്ള രാഷ്‌ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനകളും അവസാനിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍.
പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനഃരാലോചിക്കണമെന്നും അവാമി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ച 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
















