കോട്ടയം: നിരന്തര അന്വേഷണത്തിനൊടുവില്‍ യുവാവിന്‌റെ മരണത്തിനിടയാക്കിയ കാര്‍ കുറവിലങ്ങാട് പൊലീസ് കണ്ടെത്തി. കാര്‍ ഉപയോഗിച്ചിരുന്നയാളെ അറസ്റ്റു ചെയ്തു. പത്തനംതിട്ട മലപ്പറമ്പില്‍ മനു ഉമ്മന്‍ ആണ് അറസ്റ്റിലായത്. കാര്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുമുന്‍പ് കുറവിലങ്ങാട്ടുണ്ടായ കാറപകടത്തില്‍ ടോണി ഫ്രാന്‍സിസ് എന്ന യുവാവാണ് മരിച്ചത്. ടോണിയുടെ കാറില്‍ ഒരു ഇന്നോവ കാറാണ് ഇടിച്ചതെന്നുമാത്രമായിരുന്നു ആകെ ലഭിച്ച വിവരം. തുടര്‍ന്ന് നിരന്തരം വാഹന പരിശോധനകള്‍ നടത്തുകയും, വര്‍ക്ക് ഷോപ്പുകള്‍, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തില്‍ ഇടുക്കി സ്വദേശിയുടേതായിരുന്നു ഇടിച്ച കാറെന്നും അത് മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ വിറ്റുവെന്നും മനു ഉമ്മന്‍ ആണ് കാര്‍ ഉപയോഗിക്കുന്നതെന്നും വ്യക്തമായി. ചോദ്യം ചെയ്തപ്പോള്‍ മനു ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
















