തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെ രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ മാസിക ശശി തരൂരിന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചു.
ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അതേസമയം, പ്രകാശന ചടങ്ങില്‍ നേരത്തേ വിവാദത്തിന് കാരണമായ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല.
വിരുദ്ധ അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കുകയും ചെയ്തു.
സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതും അല്ലാത്തതുമായ ലേഖനങ്ങള്‍ മാസികയില്‍ വരാമെന്നും അത്തരം അഭിപ്രായങ്ങള്‍ ലേഖകന്റേത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വിരുദ്ധ അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ല.ആദ്യ പതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരില്‍ വരുന്നു എന്ന് കരുതി അത് സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പുസ്തകം സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ആദ്യം സമീപിച്ചതെന്നും അദ്ദേഹത്തിന് അസൗകര്യമുളളതിനാലാണ് ശശി തരൂരിനെ ക്ഷണിച്ചതെന്നും അറിയുന്നു.
















