ചെന്നൈ : തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്ക് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ന് പുലര്‍ച്ചയോടെയാണ് സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചത്.
മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അദ്ദേഹം അന്തിമോപചാരം അര്‍പ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. തുടർന്ന് ആശുപത്രി പരിസരങ്ങളിലുണ്ടായിരുന്ന മരിച്ചവരുടെ ബന്ധുക്കളടക്കമുള്ളവർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. പലരും പൊട്ടിക്കരഞ്ഞു കൊണ്ടാണ് തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്. ഇതിനിടയിൽ ആശുപത്രിയിൽ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് ദുഃഖം അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
കൂടാതെ ആശുപത്രിയില്‍ അവലോകന യോഗവും നടന്നു. മരിച്ച 39 പേരില്‍ 17 പേര്‍ സ്ത്രീകളാണ്. നാല് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും ഈ ദാരുണമായ സംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതില്‍ 35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂര്‍ സ്വദേശികളായ 28 പേരും ഈറോഡ് നിന്നുള്ള രണ്ടു പേരും തിരുപ്പൂര്‍ നിന്നുള്ള രണ്ടു പേരും ഡിണ്ടിഗലില്‍ നിന്നുള്ള 32 പേരും സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്.
അതേ സമയം സംഭവത്തില്‍ ടി വി കെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുക്കും. സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. നടനു വേണ്ടി എട്ട് മണിക്കൂറോളം ജനം കാത്ത് നിന്നു. പലരും കുടിവെള്ളവും ആഹാരവും കിട്ടാതെ നന്നേ അവശതയിലായിരുന്നു.
വിജയ് എത്തിയതിന് ശേഷം തുടർന്നും ആള്‍ക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. നടന്റെ പ്രസംഗം പകുതിയില്‍ നിര്‍ത്തിയെങ്കിലും അപ്പോഴേക്കും സ്ഥിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു.
















