ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്തിന് പുറത്ത് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ വന്‍ പ്രതിഷേധം. യൂനുസിനെ ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രകടനം നടത്തുന്നത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയ്‌ക്കായി ലോക നേതാക്കള്‍ ഒത്തുകൂടിയ സമയത്തായിരുന്നു ഈ പ്രതിഷേധം അരങ്ങേറിയത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ യൂനുസ് പീഡിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. യൂനുസ് പാകിസ്ഥാനിയാണ്, പാകിസ്ഥാനിലേക്ക് തന്നെ മടങ്ങിപ്പോവുക, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് നിര്‍ത്തുക, ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകരതയോട് വിട പറയുക എന്നിങ്ങനെയെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ ഐക്യരാഷ്‌ട്രസഭക്ക് മുന്നില്‍ നിരന്നത്.
യൂനുസിന്റെ അനധികൃത ഭരണത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ത്തുന്നത്. 2024 ഓഗസ്റ്റ് 5ന് ശേഷം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം വിട്ടപ്പോള്‍ യൂനുസ് രാജ്യം പിടിച്ചടക്കി. അന്ന് മുതല്‍ ബംഗ്ലാദേശിലെ സ്ഥിതി വളരെ മോശമാണ്. ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും ഇതര മതസ്ഥരും കൊല്ലപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തു നിന്നും പലായനം ചെയ്തു തുടങ്ങി. പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
















