ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ ഗാര്‍ഹിക സമ്പാദ്യങ്ങള്‍ വളരുകയാണെന്നും അതിവേഗം വളരുന്നത് ഭാരതത്തിലെ ഗാര്‍ഹിക സമ്പാദ്യമാണെന്നും അലയന്‍സ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്. 2024ല്‍ 60ലേറെ രാജ്യങ്ങളിലെ ഗാര്‍ഹിക സമ്പാദ്യം വര്‍ധിച്ചു.
2024ല്‍ ഭാരതത്തിലെ ഗാര്‍ഹിക സമ്പാദ്യത്തില്‍ 14.5 ശതമാനം വര്‍ധനയുണ്ടായി. എട്ടു വര്‍ഷത്തെ ഏറ്റവും ശക്തമായ വര്‍ധന. ഇത് ഭാരതത്തിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതത്തിലെ ആളോഹരി സാമ്പത്തിക ആസ്തി അഞ്ചു മടങ്ങാണ് വര്‍ധിച്ചത്. കടപ്പത്രങ്ങളിലുള്ള നിക്ഷേപം 28.7 ശതമാനവും ഇന്‍ഷുറന്‍സ് പെന്‍ഷന്‍ നിക്ഷേപങ്ങള്‍ 19.7 ശതമാനവും വളര്‍ന്നു. ഗാര്‍ഹിക നിക്ഷേപങ്ങളില്‍ 54 ശതമാനവും ബാങ്കുകളിലാണ്. ഇത് ക്രമാനുഗതമായി 8.7 ശതമാനമാണ് വളര്‍ന്നത്. സാമ്പത്തിക ആസ്തി 9.4 ശതമാനം വര്‍ധിച്ചു. ഭാരതീയരുടെ വാങ്ങല്‍ ശേഷി കുത്തനെ കൂടി.
കൊറോണയ്‌ക്കു മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനത്തിലേറെയായി. അതേ സമയം പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇതു വെറും 2.9 ശതമാനമായി തുടരുന്നു. 2024ല്‍ ആളോഹരി സമ്പാദ്യം 2818 യുഎസ് ഡോളറാണ്. 2023നെക്കാള്‍ 15.6 ശതമാനം വര്‍ധന. ആളോഹരി ബാധ്യതയില്‍ 12.1 ശതമാനം വര്‍ധന മാത്രം. ജിഡിപിയുടെ 40 ശതമാനമാണ് മൊത്തമുള്ള ഗാര്‍ഹിക ബാധ്യത. ഭാരതത്തിലെ ആളോഹരി സാമ്പത്തിക ആസ്തി 2004ല്‍ ഉണ്ടായിരുന്നതിന്റെ 13 ഇരട്ടിയായി, ചൈനയില്‍ 12 ഇരട്ടിയാണ്.











