കൊച്ചി : ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന സംശയത്തില്‍ കസ്റ്റംസ് തിരയുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള കാര്‍ കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്‌ലാറ്റിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നും കണ്ടെത്തി.രഹസ്യ വിവരം കിട്ടിയ പ്രകാരമാണ് കാര്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഈ കാര്‍ ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയിലും ഉണ്ട്.നേരത്തേ കസ്റ്റംസ് പരിശോധനയില്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയില്‍ തങ്ങളുടെ സംശയത്തിലുളള 4 വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നുത്.
ഇന്ത്യന്‍ സൈന്യമാണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ള നിസാന്‍ പട്രോളിന്റെ ഫസ്റ്റ് ഓണറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് വ്യാജമാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഈ കാര്‍ സ്വന്തമാക്കിയത് സഞ്ജയ് എന്ന ഹിമാചല്‍ സ്വദേശിയാണെന്നും അയാളില്‍ നിന്നാണ് ദുല്‍ഖര്‍ ഈ വാഹനം വാങ്ങിയത് എന്നുമാണ് കസ്റ്റംസിന്റെ പക്കലുള്ള രേഖകള്‍ .
ഡിഫന്‍ഡര്‍ പിടിച്ചെടുത്തതിതിരെ ദുല്‍ഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കസ്റ്റംസില്‍ നിന്ന് മറുപടി തേടിയിരിക്കെ ആണ് കസ്റ്റംസ് മറ്റൊരു വാഹനം കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ചൊവ്വാഴ്ച ദുല്‍ഖറിന്റെ ഹര്‍ജി പരിഗണിക്കും.
















