കൊച്ചി: കാലടി മാണിക്കമംഗലത്ത് ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ പതിച്ച കാറില്‍ കടത്തിയ 45 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാളം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ കുദ്ദൂസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലഹരി പരിശോധന വ്യാപകമായതോടെ പൊലീസിന് സംശയം തോന്നാതിരിക്കാനാണ് ഡോക്ടര്‍മാര്‍ പതിക്കുന്നതരം സ്റ്റിക്കറുള്ള കാറില്‍ കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. ഒഡീഷയില്‍ നിന്ന് വാടകയ്‌ക്കെടുത്ത് കൊണ്ടുവന്ന കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് അറിയിച്ചു.
















