കരൂർ: തമിഴ് നടൻ വിജയ് നയിച്ച് രാഷ്ട്രീയ പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടത് 29 പേരെന്ന് ദ് ഹിന്ദു പത്രം റിപ്പോർ്ട്ട് ചെയ്യുന്നു.
തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് റിപ്പോർ്ട്ട്. കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ് പ്രസംഗിച്ചു. റാലിക്കിടെ കുഴഞ്ഞുവീണ് ഒമ്പത് പുരുഷന്മാരും 14 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 29 പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ വിവരണം.
ശ്രീ വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായ യോഗത്തിനായി വലിയ ജനക്കൂട്ടം തടിച്ചുകൂടി. പരിപാടി പുരോഗമിക്കുമ്പോൾ, തിരക്കിൽ നിരവധി പേർക്ക് ബോധം നഷ്ടമായി. അവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.
നേരത്തെ, കരൂർ മെഡിക്കൽ കോളേജ് ആശുപത്രി ഡീൻ ആർ. ശാന്തിമലർ പറഞ്ഞതായി ഹിന്ദു ഇങ്ങനെ എഴുതുന്നു, ”ഇപ്പോൾ ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചു. കൂടുതൽ കേസുകൾ വരുന്നുണ്ട്, ആംബുലൻസുകൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്.”
മറ്റു പലരും ചികിത്സയിലാണെന്നും അവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ബാധിച്ചവരുടെ കൃത്യമായ എണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ എന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പിന്നീടു വന്ന റിപ്പോർട്ടുകൾ പ്രകാരമാണ് 29 പേരുടെ ജീവഹാനി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 10 പേരുടെ മരണമാണ് ഔദ്യോഗികമായി ആശുപത്രികളിൽനിന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കരൂരിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ മുൻ മന്ത്രി വി. സെന്തിൽബാലാജി, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ, ജില്ലാ കളക്ടർ എന്നിവരോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.













