തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതു അറസ്റ്റില്‍. ബാലരാമപുരം നെല്ലിവിള സ്വദേശിനി ശ്രീതുവിനെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്.നേരത്തെ കേസില്‍ ശ്രീതുവിനെ പൊലീസ് പ്രതിചേര്‍ത്തിരുന്നില്ല
ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി.സഹോദരന്‍ ഹരികുമാറുമായി ശ്രീതുവിന് അസ്വാഭാവിക ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും കുഞ്ഞിന്റെ ഡി എന്‍ എ ഇയാളുടേതുമായും യോജിക്കുന്നില്ല.നാലിലേറെ പേരുടെ ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഇതാണോ കാരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാടകയ്‌ക്കു താമസിച്ച കോട്ടുകാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ ജനുവരി 30നാണ് ദേവേന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ബാലരാമപുരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണ പരിശോധനയ്‌ക്ക് സമ്മതിച്ചിരുന്നില്ല.
ഭര്‍ത്താവ് ശ്രീജിത്തുമായി അകല്‍ച്ചയിലായിരുന്നു ശ്രീതു.മക്കളുമൊത്ത് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാര്‍ ഉപദ്രവിച്ചിട്ടുണ്ട്. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണഅടിയന്തിരത്തില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് വീട്ടിലെത്തിയ ദിവസമാണ് കൊലപാതകം . പുലര്‍ച്ചെ 5 മണിയോടെ ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്നാണ് ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
ദേവേന്ദുവിനെ കാണാതെ രാവിലെ കുടുംബാംഗങ്ങള്‍ തിരയുന്നതിനിടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഏഴേ മുക്കാലോടെ അടുക്കളയ്‌ക്കു സമീപം കിണറ്റില്‍ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ കുറ്റംസമ്മതം നടത്തി. ഫോണ്‍ പരിശോധനയില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്. ഹരികുമാറുമായുളള ശ്രീതുവിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ ഫോറന്‍സിക് പരിശോധനയിലൂടെ പൊലീസ് വീണ്ടെടുത്തപ്പോഴാണ് അസ്വാഭാവിക ബന്ധം വ്യക്തമായത്.ദേവേന്ദുവിനെ ഒഴിവാക്കാന്‍ ഇരുവരും ആലോചിച്ചിരുന്നു.ഹരികുമാര്‍ പ്രായത്തിനൊത്ത മാനസികമായി വളര്‍ച്ചയില്ലാത്ത ആളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ശ്രീതുവിനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അറസ്റ്റിലാകുമ്പോള്‍ തന്നെ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണ് നുണപരിശോധന നടത്താന്‍ കാരണം.ശ്രീതുവിന്റെ ബന്ധങ്ങളില്‍ സംശയമുണ്ടായിരുന്ന പൊലീസ് ഡിഎന്‍എ പരിശോധന നടത്താനും തീരുമാനിച്ചു. നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞതും. അടുത്തിടെയാണ് ജയില്‍ മോചിതയായത്. ജയിലിലുള്ളപ്പോള്‍ പരിചയപ്പെട്ടവരാണ് പുറത്തിറങ്ങാന്‍ സഹായിച്ചത്.ഇവരോടൊപ്പം പാലക്കാടായിരുന്നു താമസം.
തന്റെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി ശ്രീതു മാസങ്ങള്‍ക്കു മുന്‍പ് ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ഈ ആരോപണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
















