കരുനാഗപ്പള്ളി: ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ അമ്മയ്‌ക്ക് ആദരവുമായി സംസ്ഥാന സര്‍ക്കാര്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അമ്മയെ ആദരിച്ചത്.
പുരസ്‌കാരം മലയാള ഭാഷയ്‌ക്ക് സമര്‍പ്പിക്കുന്നെന്ന് മറുപടി പ്രസംഗത്തില്‍ അമ്മ പറഞ്ഞു. എംഎല്‍എമാരായ ഉമ തോമസ്, സി.ആര്‍. മഹേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഐജി ലക്ഷ്മണ്‍ ഗുഗുലോത്ത് ഐപിഎസ്, കേരള ലോ അക്കാദമി ഡയറക്ടര്‍ അഡ്വ. നാഗരാജ നാരായണന്‍, നടന്‍ ദേവന്‍, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും പറഞ്ഞു.
















