പാലക്കാട്: സംസ്ഥാനത്ത് ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) മുഖേന കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നെല്ല് സംഭരിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തില്‍. ഈ സീസണില്‍ത്തന്നെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനുള്ള തയാറെടുപ്പിലാണ് എന്‍സിസിഎഫ്. അടുത്തമാസം മൂന്ന്, നാല് തീയതികളില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള എന്‍സിസിഎഫ് സംഘം കേരളം സന്ദര്‍ശിക്കും. കേന്ദ്രഭക്ഷ്യവകുപ്പ് ഡയറക്ടര്‍ ഒക്ടോബര്‍ നാലിന് തിരുവനന്തപുരത്തെത്തും.
എന്‍സിസിഎഫ് നേരിട്ട് നെല്ല് സംഭരിക്കുന്നതോടെ കര്‍ഷകര്‍ക്ക് സംഭരണവില ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരില്ല. കാര്‍ഷിക പ്രതിസന്ധി പഠിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ച സമിതി അംഗങ്ങളായ ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ എന്നിവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.















