ന്യൂദല്‍ഹി: ആറു പതിറ്റാണ്ടിന്റെ സേവനത്തിനു വിരാമമിട്ട് ആകാശത്തിന്റെ കാവല്‍ക്കാരന്‍ മിഗ് 21നു വ്യോമസേനയുടെ യാത്രയയപ്പ്. ചണ്ഡീഗഡ് വ്യോമത്താവളത്തിലെ അവസാന പറക്കലോടെ ഔദ്യോഗികമായി വിട പറഞ്ഞിരിക്കുകയാണ് മിഗ് 21. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രിയ ശര്‍മയുമാണ് മിഗ് അവസാന മായി പറപ്പിച്ചത്. വിട പറയുമ്പോഴും കാണികളെ വിസ്മയിപ്പിച്ച വ്യോമാഭ്യാസങ്ങള്‍ മിഗ് 21 കാഴ്ചവച്ചു.
1965ലെ യുദ്ധം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ഭാരതത്തിന്റെ കരുത്തനായ പോരാളിയായി റഷ്യന്‍ നിര്‍മിത യുദ്ധവിമാനം വ്യോമസേനയ്‌ക്കൊപ്പമുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചടങ്ങിലെ മുഖ്യാതിഥിയായി. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി എന്നിവരും ഡി-കമ്മിഷന്‍ ചടങ്ങില്‍ പങ്കെടുത്തു.
1963ലാണ് മിഗ് 21നെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. ദില്‍ബാഗ് സിങ് ചണ്ഡീഗഡിലെ ആദ്യ സ്‌ക്വാഡ്രണിന് നേതൃത്വം നല്കി. മിഗ് 21ലൂടെ ഭാരത വ്യോമശക്തിയിലെ സുപ്രധാന അധ്യായം അവസാനിക്കുന്നു. പകരം ഭാരതം തദ്ദേശീയമായി രൂപകല്പന ചെയ്ത തേജസ് യുദ്ധവിമാനങ്ങളെ സേനയില്‍ ഉള്‍പ്പെടുത്തും.















