തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവില്‍ പ്രതിരോധം ശക്തമാക്കി. രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കര്‍മ്മ സേന പ്രവര്‍ത്തനം തുടങ്ങി.
രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഫാമിന് ചുറ്റുമുള്ള പത്ത് കിലോമീറ്റര്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കി.
















