കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഐടി വ്യവസായി വേണുഗോപാലകൃഷ്ണന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച കോടതി വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടഞ്ഞു.
പെണ്‍കെണിയിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസിലെ വഴിത്തിരിവ് .വ്യവസായിയുടെ ലൈംഗിക അതിക്രമം എതിര്‍ത്തതോടെ കേസില്‍ കുടുക്കുക ആയിരുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി.
പിന്നാലെ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ് സെവന്‍ ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. എന്നാല്‍ പണം തട്ടാനുള്ള ശ്രമം നടക്കാത്തതിനെ തുടര്‍ന്നാണ് സി ഇ ഒയ്‌ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
















