തിരുവനന്തപുരം : മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.ദീര്‍ഘകാലമായി മേഖലാ യൂണിയനുകള്‍ ഈ ആവശ്യമുന്നയിച്ച് വരികയായിരുന്നു.
മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണ് സംവരണം ഏര്‍പ്പെടുത്തിയത്.സംവരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ മില്‍മ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മില്‍മ മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം .മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം ഇതിന് നേടണമെന്നും ഉത്തരവില്‍ പറയുന്നു.ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലെ എല്ലാ ക്ഷീരകര്‍ഷകരെയും ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഉത്തരവാണ് പുറത്തുവന്നത്.
മേഖലാ യൂണിയനുകളുടെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് മുന്‍ഗണനയോ സംവരണമോ വേണമെന്ന മലബാര്‍ യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനം സര്‍ക്കാരിന്റെ പരിഗണനയ്‌ക്കായി നല്‍കിയിരുന്നു.അവിദഗ്ധ തൊഴിലാളികളുടെ നിയമനത്തില്‍ അതത് മേഖലകളുടെ പരിധിയിലെ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്കായി സംവരണം ഏര്‍പ്പെടുത്തണമെന്ന് എറണാകുളം യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിലും ആവശ്യം ഉയര്‍ന്നിരുന്നു.
ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് ക്ഷീരമേഖലയ്‌ക്ക് വലിയ പ്രോത്സാഹനം നല്‍കുമെന്നും കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കാനാകുമെന്നുമാണ് കരുതുന്നത്.
















