രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഈയിടെ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് – എബിവിപി,
അതുല്യ വിജയമാണ് കരസ്ഥമാക്കിയത്. ദല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നേടിയ വിജയങ്ങള്‍ ചരിത്രത്തിന്റെ തന്നെ ഭാഗമായിരിക്കുകയാണ്. സംഘടനാ ശക്തി തെളിയിച്ചതിനൊപ്പം തന്നെ രാജ്യത്തെ യുവ തലമുറ ഈ നൂറ്റാണ്ടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജെന്‍-സി ദേശീയതയ്‌ക്കും ജനാധിപത്യത്തിനുമൊപ്പമാണെന്ന് തെളിയിക്കപ്പെട്ടു എന്ന സവിശേഷതയും ഉണ്ട്.
ദല്‍ഹിയിലെ ചരിത്രവിജയം
ദല്‍ഹി സര്‍വകലാശാലയില്‍, എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആര്യന്‍ മാന്‍ 16,196 വോട്ടുകളുടെ അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സര്‍വകലാശാലയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 19,039 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും എബിവിപിയുടെ അക്ഷിത് ദഹിയ(2019) യുടേതാണ്. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എബിവിപി വന്‍വിജയം കരസ്ഥമാക്കി. തോല്‍വി മുന്‍കൂട്ടി മനസ്സിലാക്കിയ എന്‍എസ്യുഐ തുടക്കത്തില്‍ തന്നെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.’അട്ടിമറി, ഇവിഎമ്മുകളില്‍ കൃത്രിമം തുടങ്ങിയ ആരോപണങ്ങള്‍വരെ എന്‍എസ്യുഐ ഉന്നയിച്ചു. എന്നാല്‍ ഒന്നരലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥി സമൂഹം എന്‍എസ്യുഐയുടെ എല്ലാ ആരോപണങ്ങളും അവജ്ഞയോടെ തള്ളിക്കളഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയം എന്ന നിലയില്‍ രാജ്യത്തിന്റെ പരിച്ഛേദം കൂടിയാണീ വിശ്വവിദ്യാലയം. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയുടെ പ്രതിഫലനമായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണാം.
ഹൈദരാബാദില്‍ വീശിയടിച്ച കാവി സുനാമി
ഹൈദരാബാദ് സര്‍വകലാശാലയില്‍, എബിവിപി ഒരു പടികൂടി മുന്നോട്ട് പോയി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി എന്നിവയുള്‍പ്പെടെ എല്ലാ പ്രധാനസ്ഥാനങ്ങളിലും അവിസ്മരണീയ വിജയം നേടി. തീര്‍ത്തും ഏകപക്ഷീയമായിരുന്നു എബിവിപിയുടെ വിജയം. ഒരു ഘട്ടത്തിലും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യാതൊരുവിധ വെല്ലുവിളിയും ഉയര്‍ത്താനായില്ല. തെലങ്കാന കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണെങ്കിലും വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐ തെരഞ്ഞെടുപ്പില്‍ നോട്ടയേക്കാള്‍ പിന്നിലായി. അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് തെന്നിമാറി, യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്ന് നടിച്ച് പ്രവര്‍ത്തിക്കുന്ന എന്‍എസ്യുഐ സമ്പൂര്‍ണമായി വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് അകന്നു. യുവത അവരെ വീണ്ടും വീണ്ടും തിരസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ഇടത്കോട്ടയെന്ന് അവകാശപ്പെടുന്ന, രോഹിത് വെമുലയുടെ സ്വന്തം കാമ്പസില്‍ അവിശുദ്ധ സഖ്യങ്ങള്‍ തീര്‍ത്തിട്ടും എസ്എഫ്ഐയ്‌ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഭാരതത്തിലുടനീളം വിജയ പരമ്പര
ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ഈ വര്‍ഷം നിരവധി സര്‍വകലാശാലകളില്‍ ചരിത്രവിജയം കരസ്ഥമാക്കി. സമീപ മാസങ്ങളില്‍ ദല്‍ഹി, ഹൈദരാബാദ് എന്നിവയ്‌ക്കു മുമ്പായി പഞ്ചാബ്, പട്ന, ഗുവാഹത്തി, അസം എന്നീ സര്‍വകലാശാലകളിലും ദല്‍ഹിയിലെ തന്നെ ജെഎന്‍യുവിലും ഉത്തരാഖണ്ഡിലെ വിവിധ സര്‍വകലാശാലകളിലും ദേശീയതയുടെ പതാകാവാഹകരായ എബിവിപി വിജയഭേരി മുഴക്കിയിട്ടുണ്ട്.
എബിവിപിയുടെ തുടര്‍ച്ചയായ ഈ വിജയങ്ങള്‍ യാദൃച്ഛികമായി സംഭവിച്ചതല്ല. ഭാരതം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വിരാട സ്വരൂപവും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളുമാണ് അതിന് വഴിയൊരുക്കിയത്. മഹത്തായ ആശയങ്ങളില്‍ ആകൃഷ്ടരായി അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ഈ വിജയങ്ങളുടെ അടിത്തറയാണ്. കലാലയ രാഷ്‌ട്രീയത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രവികാസത്തിന് അനുയോജ്യമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇടയില്‍ എബിവിപിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
ജെന്‍-സി ദേശീയതയ്‌ക്കൊപ്പം
ദേശീയത മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന എബിവിപിയില്‍ പുതുതലമുറ – ജെഎന്‍ സി, ഏറെ ആകൃഷ്ടരാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെ ടുപ്പുകളില്‍ വിജയിക്കുക എന്ന ലക്ഷ്യം മാത്രംവെച്ചാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ഷേമത്തിന് പ്രാമുഖ്യം നല്‍കി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതാണ് എബിവിപിയുടെ ശൈലി. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്നവരെ പിന്തുണയ്‌ക്കുന്നതിന് ജെഎന്‍-സിയ്‌ക്ക് പ്രചോദനമായി. രാഷ്‌ട്രപുനര്‍നിര്‍മാണത്തിന് അശ്രാന്തപരിശ്രമം നടത്തുന്ന എബിവിപിയ്‌ക്ക് ജെഎന്‍-സി നല്‍കിയ അടിയുറച്ച പിന്തുണയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജെഎന്‍-സിയോടുള്ള ആഹ്വാനങ്ങള്‍ അവരെ വലിയ ചതിക്കുഴിയിലേക്ക് വലിച്ചിഴക്കാന്‍ ഉതകുന്നതാണ്. അയല്‍രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശും പാഠങ്ങളായി നമുക്ക് മുന്നിലുണ്ട്. യുവതയ്‌ക്ക് ഒപ്പമാണെന്ന് കാണിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തിയതെങ്കിലും യുവസമൂഹം ആ ആഹ്വാനം തള്ളിക്കളഞ്ഞു.
ദേശീയ നേതാക്കളില്‍ നിന്നുമുള്ള വലിയ പ്രശംസ
മുതിര്‍ന്ന ബിജെപി നേതാക്കള്‍ എബിവിപിയുടെ വിജയത്തെ പ്രശംസിച്ചു. ദേശീയത എന്ന മഹത്തായ ആശയത്തിന്റെ വിജയമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. രാഷ്‌ട്രം ആദ്യം എന്ന ആശയത്തോടുള്ള യുവാക്കളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദല്‍ഹി സര്‍വകലാശാലാ ഫലത്തെ എബിവിപിയുടെ ഉജ്ജ്വലമായ ജെഎന്‍ സി വിജയം എന്നാണ് ബിജെപി ദേശീയ സംഘടന സെക്രട്ടറി ബി.എല്‍. സന്തോഷ് വിശേഷിപ്പിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അടക്കമുള്ള വിവിധ കേന്ദ്രമന്ത്രിമാര്‍, ദല്‍ഹി സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം എബിവിപിയെ അഭിനന്ദിച്ചു.
യുവാക്കളുടെ മനസ് എന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ലിറ്റ്മസ് ടെസ്റ്റാണ് സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍. എബിവിപിയുടെ അംഗ സംഖ്യ പ്രതിവര്‍ഷം വര്‍ധിച്ചു വരികയാണ്. ഇന്നത് അഞ്ച് ദശലക്ഷം പിന്നിട്ടു. ക്രമാതീതമായി വര്‍ധിക്കുന്ന ഈ അംഗ സംഖ്യ എബിവിപിയുടെ അതിരുകള്‍ കടന്നുള്ള വളര്‍ച്ചയുടെ അടയാളമാണ്.
വിദ്യാര്‍ത്ഥികളിലൂടെ രാഷ്‌ട്രപുനര്‍നിര്‍മ്മാണം
വിദ്യാര്‍ത്ഥികളില്‍ നേതൃപാടവം വര്‍ധിപ്പിക്കാന്‍ എബിവിപി നിരന്തരം ശ്രമിക്കാറുണ്ട്. രാഷ്‌ട്രത്തെ നയിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുക എന്ന ഉദാത്ത ലക്ഷ്യമാണ് എബിവിപിക്കുള്ളത്. ഇതിനായി അച്ചടക്കവും ജ്ഞാനവും ഉത്തരവാദിത്വബോധവും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുനല്‍കുന്നു. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും നിന്നുള്ള പ്രവര്‍ത്തകര്‍ എബിവിപിയിലുണ്ട്. എല്ലാവരെയും ഒന്നായി കാണുന്ന മഹത്തായ പ്രസ്ഥാനമാണിത്.
സമൂഹത്തിലെയും കലാലയങ്ങളിലെയും പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകവും സൃഷ്ടിപരവുമായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്താനാണ് എബിവിപി ശ്രമിക്കാറുള്ളത്. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി പാരമ്പര്യത്തിനും ആധുനികതയ്‌ക്കും ഒരേപോലെ പ്രധാന്യം
നല്‍കി സമ്മിശ്ര മാര്‍ഗത്തിലൂടെയാണ് എബിവിപി സഞ്ചരിക്കുന്നത്. സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ച് ഗഹനമായ ജ്ഞാനം നല്‍കി സാമൂഹിക സേവന രംഗത്തും അക്കാദമിക രംഗത്തും ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നു. ഈ പ്രയത്‌നത്തിലൂടെ രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുന്ന നേതാക്കളെ വാര്‍ത്തെടുക്കുന്നതിന് പുറമേ ഇന്നിന്റെ നല്ല പൗരന്മാര്‍ക്ക് രൂപം നല്‍കാനും സാധിക്കുന്നു. ദേശീയത മുറുകെ പിടിച്ച് ഭാരതാംബയുടെ സേവനത്തിനായി ജ്ഞാനികളായ യുവതലമുറയെ പരിപോഷിപ്പിക്കുന്ന എബിവിപി ലോകത്തില്‍ തന്നെ ഒരു വിസ്മയമാണ്.
(ദല്‍ഹി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയും എബിവിപി മുന്‍ ദേശീയ മീഡിയ കണ്‍വീനറുമാണ് ലേഖകന്‍)
















