ബെംഗളൂരു: യൂട്യൂബുകാരേ സൂക്ഷിക്കുക, നിങ്ങൾക്ക് ലൈസൻസ് വരുന്നു. കർണാടകയിൽ യൂട്യൂബർമാർക്ക് ചാനലുകൾ ആരംഭിക്കാൻ ലൈസൻസ് നിർബന്ധമാക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ സാമൂഹ്യ മാധ്യമങ്ങൾക്കുമേലുള്ള സർക്കാർ നിയന്ത്രണം നടപ്പാകാൻ പോവുകയാണ്.
എന്നാൽ, ഇക്കാര്യത്തിൽ നിയമപരമായ തടസങ്ങൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സർക്കാരിന് വാർത്താവിനിമയ-പ്രക്ഷേപണ കാര്യങ്ങളിൽ ലൈസൻസ് അനുവദിക്കാനോ നിയന്ത്രിക്കാനോ നിയമമില്ലെന്ന് വിദഗ്‌ദ്ധർ പറയുന്നു. ആ വിഷയത്തിൽ നിയന്ത്രണം കേന്ദ്ര വാർത്താവിനിമയ വകുപ്പിനാണ്. സംസ്ഥാന സർക്കാരിന് ആ നിയമപ്രകാരം കേസെടുക്കാനും മറ്റു നടപടികൾക്കും കഴിയും. പക്ഷേ, സാമൂഹ്യ മാധ്യമമായി കണക്കാക്കുന്ന യു ട്യൂബിന് ലൈസൻസ് എന്ന ആശയം തീരെ അപ്രായോഗികമാണെന്നാണ് വിശകലനങ്ങൾ.
ധർമ്മസ്ഥല പോലുള്ള ചില വിവാദ വിഷയങ്ങൾ സംപ്രേഷണം ചെയ്യാനും പ്രചരിപ്പിക്കാനും യൂട്യൂബർമാരുമായി ബന്ധപ്പെട്ട കർണാടക ഇലക്ട്രോണിക് മീഡിയ ജേണലിസ്റ്റ് അസോസിയേഷന്റെ ആവശ്യത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ശുദ്ധമായ കിംവദന്തികളെ വാർത്തകളായി സംപ്രേഷണം ചെയ്യുന്നത് നിർത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി ഇലക്ട്രോണിക് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
















