കൊച്ചി: കേരളത്തില്‍ ഒരാള്‍ 25 ലക്ഷം രൂപ നല്‍കി ഇത്തരമൊരു വാഹനം വാങ്ങിയതില്‍ നിന്നാണ് ചില വിവരങ്ങള്‍ ലഭ്യമായത്. റാക്കറ്റിനെക്കുറിച്ച് അറിയാതെയാണ് ഇയാള്‍ വാഹനം വാങ്ങിയത്. പിന്നീടാണ് ഇത് ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ കൂടുതല്‍ ചുരുളുകള്‍ അഴിയുന്നത്.
കേരളത്തില്‍ ആകെ 20 വാഹനങ്ങള്‍ വിറ്റഴിച്ചതായി പറയുന്നു. അതില്‍ 15 വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് വരുന്നു. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കൊണ്ടുവരുന്ന വാഹനങ്ങള്‍ വില ഊതിപ്പെരുപ്പിച്ചാണ് വില്‍ക്കുന്നത്. വന്‍ ലാഭം കിട്ടുമെന്നായതോടെ എന്തുവിലകൊടുത്തും വാഹനക്കള്ളക്കടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്. കസ്റ്റംസ് തീരുവ നല്‍കാതെയാണ് ഈ വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഭൂട്ടാന്‍ രജിസ്ട്രേഷന്‍ നമ്പറുകള്‍ ഇന്ത്യയില്‍ വിലക്കിയതിനാല്‍ ഹിമാചല്‍ പ്രദേശില്‍ കൊണ്ട് വന്ന് ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാക്കും. ഹിമാചലില്‍ ഈ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്ത് നല്‍കാന്‍ ഉദ്യോഗസ്ഥരുടെയും ഏജന്‍റുമാരുടെയും വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഷിംല റൂറില്‍ എച്ച്പി 52 നമ്പറിലാണ് രജിസ്ട്രേഷന്‍ എടുക്കുന്നത്. ഇതോടെ ഇത് ഇന്ത്യന്‍ വാഹനമായി മാറുന്നു.
ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ പാസ്പോർട്ട് ,വിസ എന്നീ നിയന്ത്രണങ്ങൾ ഇല്ല. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പലരും പലതരം കള്ളക്കടത്തുകളും നടത്തുന്നുണ്ട് പലപ്പോഴും പിടിക്കപ്പെടുന്നുണ്ട്.
കേരളത്തിലെത്തിയത് ഭൂട്ടാന്‍ ആര്‍മി ചെറിയ വിലയ്‌ക്ക് ലേലത്തില്‍ വിറ്റ വാങ്ങനങ്ങള്‍
ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച ഫോര്‍ വീല്‍ വാഹനങ്ങള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് ലേലത്തില്‍ വിറ്റിരുന്നു. ഇക്കൂട്ടത്തില്‍ ലാന്‍ഡ് ക്രൂയിസര്‍, പ്രാഡ എന്നീ വാഹനങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തിന് കൊണ്ടുവരുന്ന വാഹനം പത്ത് ലക്ഷത്തിന് വരെ വില്‍ക്കുന്നു. മൂന്ന് ലക്ഷത്തിന് വാങ്ങുന്ന എസ് യുവി വില്‍ക്കുന്നത് 30 ലക്ഷത്തിനാണ്.
















