തിരുവനന്തപുരം: വാഗീശ്വരിയുടെ അക്ഷരപൂജയ്‌ക്കായി പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. വിഗ്രഹ ഘോഷയാത്രയ്‌ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പാണ് ഒരുക്കിയത്.
ഘോഷയാത്രയുടെ മൂന്നാം നാള്‍ ആയ ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. തുടര്‍ന്ന് കരമന ആവടി അമ്മന്‍കോവിലിലെത്തിച്ച വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തി. വൈകിട്ട് 6ന് ആചാരപരമായി കരമനയില്‍ നിന്ന് ആരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം അണിചേരാനും രാത്രിയില്‍ ശ്രീപദ്മനാഭന്റെ മുന്നില്‍ ദേവി എത്തുന്നത് ദര്‍ശിക്കാനും നിരവധി ഭക്തര്‍ ഭക്ത്യാദരപൂര്‍വം കാത്തുനിന്നു.
കരമനയില്‍ നിന്ന് തിരിച്ച ഘോഷയാത്രയില്‍ കുതിര പോലീസ്, സായുധ സേന, മുത്തുക്കുടകളേന്തിയ വനിതകള്‍, മുരുകന്റെ വേഷം കെട്ടിയ കുട്ടികള്‍, വിവിധ വാദ്യമേളങ്ങള്‍, തുടങ്ങിയവ അനുഗമിച്ചു. കിള്ളീപ്പാലത്ത് വച്ച് പോലീസ് ഗാര്‍ഡ്ഓഫ് ഓണല്‍ നില്‍കി. ഘോഷയാത്ര കടന്നുപോകുന്ന വഴി നീളെ ഫഌവറിസ്റ്റ് ആന്റ് ഫ്രണ്ട്‌സ് അസോസിയേഷന്‍ പുഷ്പവൃഷ്ടി നടത്തി.
പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്ന് സരസ്വതിദേവിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. വേലുത്തമ്പി ദളവ നടയ്‌ക്കുവച്ച ആയിരം കിലോ തൂക്കമുള്ള വെള്ളിക്കുതിരപ്പുറത്താണ് കരമന സത്യവാഗീശ്വരീ ക്ഷേത്രത്തില്‍ നിന്ന് വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ചത്. കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ വിഗ്രഹങ്ങളെ ആചാരപൂര്‍വം വരവേറ്റ് ഘോഷയാത്രയെ അനുഗമിച്ച ഉടവാള്‍ ഏറ്റുവാങ്ങി.
ജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തുടങ്ങിയവര്‍ മാതൃദേവതയെയും കുമാരസ്വാമിയെയും മുന്‍ ഉദിത്തനങ്കയെയും(മുന്നൂറ്റി നങ്ക) കരുവേലപ്പുര മാളികയ്‌ക്ക് മുന്നില്‍ നിന്ന് വണങ്ങി. കിഴക്കേനടയില്‍ ഘോഷയാത്രയ്‌ക്ക് രാജകീയ വരവേല്‍പ്പ് നല്‍കി.
പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതീദേവിയെ നവരാത്രി മണ്ഡപത്തില്‍ പൂജയ്‌ക്കിരുത്തി. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ്‌ക്കായി കൊണ്ടുപോയി. ഇന്ന് മുതല്‍ നവരാത്രി മണ്ഡപത്തില്‍ പൂജകള്‍ ആരംഭിക്കും.
നവരാത്രി മണ്ഡപത്തില്‍ സംഗീത, നാട്യാര്‍ച്ചയും നടക്കും. ഒക്ടോബര്‍ രണ്ടിനാണ് പൂജയെടുപ്പ്. തുടര്‍ന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട നടക്കും. കോട്ടയ്‌ക്കകത്തൊരുക്കിയ സ്വീകരണത്തില്‍ കൊട്ടാരം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. രാജരാജവര്‍മ, സെക്രട്ടറി ഡി.വെങ്കിടേശ്വര അയ്യര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ എ.വേലപ്പന്‍നായര്‍, കരമനജയന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















