തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ട്രെയിനി ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ഡിഐജി. മാനസികമായി പീഡിപ്പിച്ചു, അവധി നിഷേധിച്ചു എന്നിങ്ങനെയുള്ള കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദ അന്വേഷണം ഉണ്ടാകും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സഹോദരന്റെ മൊഴി രണ്ടു ദിവസത്തിനകം രേഖപ്പെടുത്തും.
സെപ്റ്റംബര്‍ 18 നാണ് ആനന്ദിനെ ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനും രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.അന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും കൗണ്‍സിലിംഗും നല്കി. മേലുദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു മറുപടി. സ്വന്തം ഇഷ്ടപ്രകാരം ബാരക്കില്‍ വിശ്രമത്തിലായിരുന്ന ആനന്ദ് സന്തോഷവാനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ പരിശീലനത്തിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ടോയ്ലെറ്റിലേക്കും പോയ നേരത്ത് ആനന്ദ് ബാരക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബി കമ്പനിയിലെ ലീഡറായിരുന്ന ആനന്ദ് പ്ലാറ്റൂണ്‍ ലീഡര്‍ ആയ ശേഷം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
















