ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.ദല്‍ഹി കലാപക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശക്തമായ നീക്കമാണ് ഒരു സംഘം നടത്തുന്നത്. തുടര്‍ച്ചയായി ഇതിനായി സുപ്രീംകോടതിയില്‍ ജാമ്യ അപേക്ഷകള്‍ നല്‍കിവരികയാണ്.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഏഴിനേക്ക് മാറ്റി.
ഉമര്‍ ഖാലിദിനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം നല്‍കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടന്നുവരികയാണ്. ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെ ബ്ലോക്ക് ചെയ്ത് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റും എന്ന രാജ്യദ്രോഹപ്രസംഗം നടത്തിയ വിദ്യാര്‍ത്ഥിയാണ് ഉമര്‍ഖാലിദ്. ബംഗ്ലാദേശിലെ ജമാ അത്തെ നേതാക്കള്‍ അടിക്കടി ഉയര്‍ത്തുന്ന ഭീഷണിയാണിത്. ചിക്കന്‍ നെക്ക് മുറിച്ച് ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചുമാറ്റുമെന്നത്. അത് തന്നെയാണ് ഉമര്‍ ഖാലിദ് തന്റെ ഒരു പ്രസംഗത്തില്‍ ആവര്‍ത്തിച്ചതെന്ന് പറയുന്നു. ഇത്തരം രാജ്യദ്രോഹ, വിഘടനവാദപ്രസംഗങ്ങള്‍ നടത്തുന്നവരുടെ ജാമ്യ അപേക്ഷകള്‍ കോടതി പരിഗണിക്കേണ്ടതുണ്ടോ എന്ന വാദം ഒരു ഭാഗത്ത് നടക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി 2020ല്‍ നടന്ന സമരത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കലാപത്തിന്റെ ബുദ്ധിപരമായ ശില്‍പികള്‍ ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന ഒരു ഡീപ് സ്റ്റേറ്റ് പിന്തുണയുള്ള വിദ്യാര്‍ത്ഥി കലാപമായിരുന്നു ഇതെന്ന് ഇപ്പോള്‍ പല വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. അതായത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിലും നേപ്പാളിലും നടന്ന കലാപത്തിന് സമാനമായ കലാപമായിരുന്നു 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി വിദ്യാര്‍ത്ഥി കലാപം. അതേ സമയം ഏത് പ്രതിയാണെങ്കിലും നിശ്ചിത സമയത്ത് ജാമ്യം നല്‍കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
ഉമര്‍ ഖാലിദിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍, ഗുല്‍ഫിഷ് ഫാത്തിമയ്‌ക്ക് വേണ്ടി എ എം സിങ്‌വി, ഷര്‍ജീല്‍ ഇമാമിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേവ്, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ തുടങ്ങിയവരാണ് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാത്തതില്‍ ക്ഷമ ചോദിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ കോടതി നടപടികള്‍ ആരംഭിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദ്യാര്‍ത്ഥികളായ ഹര്‍ജിക്കാര്‍ ജയിലിലാണെന്ന് സിങ്‌വി കോടതിയില്‍ പറഞ്ഞു. ജാമ്യ ഹര്‍ജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ ഗൂഡാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഗവേഷക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
















