കൊച്ചി: ജീത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
‘ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ തമാശരൂപേണ പ്രതികരിച്ചത്. ‘ഈ ആകാംക്ഷയാണ് ‘ദൃശ്യ’ത്തിന്റെ സവിശേഷത. കഥ പറയല്ലേ എന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു, അതുകൊണ്ട് പറയാന്‍ പറ്റില്ല’- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിങ് നടക്കണേ, ചിത്രം ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാര്‍ഥിക്കുന്നത്. അതുപോലെ ഞാന്‍ ഇന്നും പ്രാര്‍ഥിക്കുന്നു. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ഥന’, മോഹന്‍ലാല്‍ പറഞ്ഞു.
ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജീത്തു പറഞ്ഞു.
ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച സമയത്ത് ദൃശ്യം 3 ഷൂട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘ഈ സമയവും ദിവസവും ഞങ്ങള്‍ക്ക് ഏറ്റവും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാല്‍ സാറിന് ഇത്രയും വലിയ അംഗീകാരം കിട്ടി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്’- അദ്ദേഹം പറഞ്ഞു.
‘ഒന്നിച്ചുള്ള യാത്ര, മോഹന്‍ലാല്‍ സാറിന്റെ കൂടെ ചേര്‍ന്നുനിന്ന് ഇത്രയും വര്‍ഷം ജീവിക്കാന്‍ സാധിച്ചു എന്ന് പറയുന്നതുതന്നെ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ്. മലയാള ഭാഷയ്‌ക്ക് അഭിമാനിക്കാവുന്ന സമയമാണ്. ‘ദൃശ്യം 3′ ഏറ്റവും പ്രിയ്യപ്പെട്ടതാണ്. ഈ സമയത്ത് അത് തുടങ്ങാന്‍ കഴിയുന്നു എന്നത് ഏറ്റവും വലിയ സന്തോഷം തരുന്ന കാര്യമാണ്’- ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
















