ഇസ്താംബൂൾ : ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ആക്രമണം നടത്തിയ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയാണെന്ന് റിപ്പോർട്ട് . ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം തുർക്കി ആയിരിക്കുമെന്നാണ് വാഷിങ്ടണിലെ വലതുപക്ഷക്കാരനായ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ മൈക്കൽ റൂബൻ പറയുന്നത്. പ്രതിരോധത്തിനായി ഒരു കാരണവശാലും നാറ്റോയെ ആശ്രയിക്കരുതെന്നും അദ്ദേഹം പറയുന്നു. നെതന്യാഹു ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നും സൂചനകളുണ്ട്.
യുഎസുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഖത്തറിനെ ആക്രമിച്ച ഇസ്രായേലിന് തുർക്കിയെ ആക്രമിക്കാൻ മടിയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. കിഴക്കൻ മെഡിറ്റേറിയനിൽ തുർക്കിയുടെ സാന്നിധ്യം ഭീഷണിയാണെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്. യുദ്ധാനന്തര സിറിയയുടെ പുനർനിർമാണത്തിൽ തുർക്കിയുടെ ശക്തമായ സാന്നിധ്യവും തങ്ങൾക്ക് ഭീഷണിയായാണ് ഇസ്രായേൽ കാണുന്നത്.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ തുർക്കി ആഗസ്റ്റിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. ‘ഇന്ന് ഖത്തർ, നാളെ തുർക്കി’ എന്ന തരത്തിലാണ് ഇസ്രായേലിന്റെ നീക്കങ്ങളെന്ന് ഇസ്രായേലിലെ രാഷ്‌ട്രീയനിരീക്ഷകൻ മെയർ മിസ്രി പോസ്റ്റ് ചെയതിരുന്നു.ഇസ്രായേലിന്റെ ഏറ്റവും അപകടകാരിയായ ശത്രുവാണ് തുർക്കി എന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനൊപ്പം നിന്ന രാജ്യമാണ് തുർക്കി . അതുകൊണ്ട് തന്നെ തുർക്കിയ്‌ക്കെതിരെ ഇന്ത്യയും അടുത്തിടെ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
















